പാട്ട ഭൂമി: സുപ്രീം കോടതി വിധിയെ അട്ടിമറിക്കുവാൻ സർക്കാർ തയ്യാറെടുക്കുന്നു




മൂന്നാര്‍ അടക്കമുള്ള ഇടുക്കി മേഖലയിൽ അനധികൃത നിര്‍മ്മാണങ്ങൾ വര്‍ദ്ധിച്ചതോടെ പട്ടയ ഭൂമിയിൽ വാണിജ്യ നിര്‍മ്മാണങ്ങൾ നിയന്ത്രിച്ചു കൊണ്ട് 2016 ൽ  സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തിനാകെ ബാധകമാണെന്ന് സുപ്രീം കോടതി വിധി ആശ്വാസകരമാണ്. പട്ടയഭൂമി കൃഷിക്കും വീടുവെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഉത്തരവ്. ഇടുക്കിക്ക് മാത്രമായി ഇറക്കിയ ഉത്തരവ് സംസ്ഥാനം മുഴുവൻ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമാണ് സുപ്രീം കോടതി ശരി വെച്ചിരിക്കുന്നത്.


ഹൈക്കോടതിയിൽ പട്ടയ ഭൂമിയുമായി ബന്ധപ്പെട്ടെത്തിയ കേസിന്റെ അടിസ്ഥാന ത്തില്‍ ഇടുക്കിയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായി. ഇക്കാര്യം പരിഗണിച്ചാണ് ഇടുക്കിയില്‍ പുതിയൊരു ഭൂനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. 


സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ഭൂ പ്രശ്നത്തെ ഉദ്ദേശിച്ച് ഗൗരവതരമായ ചില കാര്യങ്ങള്‍ നടപ്പിലാക്കുവാൻ 2019 ആഗസ്റ്റിൽ തീരുമാനിച്ചു. ഇടുക്കിയിലെ പട്ടയ ഭൂമിക്ക് സർക്കാർ പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിരുന്നു.


1. എത്രത്തോളം ഭൂമി കൈയേറിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കണ്ടെത്തുക.


2. വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്കുമായി കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക.


3. പതിച്ചു നല്‍കിയ ആവശ്യത്തിന് പുറത്ത് ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക


4. ഭൂവിനിയോഗ ബില്ലിന് എതിരായ  ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക


5. പട്ടയത്തിന്റെ നിബന്ധകള്‍ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് നിര്‍മാണ അനുമതി ഇല്ലാത്ത ഭൂമിയും കെട്ടിട്ടങ്ങളും തരം തിരിക്കുക.


മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ കൈയേറ്റ ഭൂമിയായി കണക്കാക്കി തിരിച്ചു പിടിക്കാനുള്ള തുടര്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങള്‍ മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്റിന് താഴെയുള്ള പട്ടയ ഭൂമികളില്‍ ഉടമയുടെ ഉപ ജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തില്‍ 1500 ചതുരശ്ര അടിക്ക് താഴെ തറ വിസ്തൃതി മാത്രമുള്ള കെട്ടിട്ടമാണ് ഉള്ളതെങ്കില്‍, ഭൂമി കൈവശം വച്ചയാള്‍ക്കും അയാളുടെ അടുത്ത ബന്ധുകള്‍ക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആര്‍.ഡി.ഒ സാക്ഷ്യപ്പെടുത്തിയാല്‍, മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രിസഭ വ്യക്തമാക്കിയിരുന്നു.


മുകളിൽ പറയാത്ത പട്ടയ ഭൂമിയിലുള്ള വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സര്‍ക്കാര്‍ വീണ്ടെടുക്കും. ഈ ഭൂമി പുതിയ നയം അനുസരിച്ച് പാട്ടത്തിന് നല്‍കും.ഈ പറയുന്ന വിഭാഗത്തില്‍ വരാത്തതും സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിയ പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മാണവും ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.


അനധികൃതമായി നല്‍കിയ പട്ടയങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചതായ പട്ടയങ്ങളെ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടയങ്ങള്‍ സംബന്ധിച്ച് സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ മൂന്ന് മാസത്തിനകം സ്വീകരിക്കും. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നേരത്തെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. അവിടുത്തെ കേസുകള്‍ എവിടെ നിന്നാണോ വന്നത് ആ കോടതികളിലേക്ക് തന്നെ തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യും. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.


ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയില്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്തരുത്. ഇതിനായി ബന്ധപ്പെട്ട കെട്ടിട്ട നിര്‍മ്മാണ ചടങ്ങളില്‍ ഏത് ആവശ്യത്തിനാണോ പ്രസ്തുത പട്ടയം അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവൂ.


മൂന്നാര്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്ക ണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ സോളാര്‍ പാനലും മഴ വെള്ള സംഭരണിയും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും ഉണ്ടാവണം. വട്ടവട, ചിന്നക്കന്നാല്‍ പ്രദേശങ്ങളിലും ഈ നയത്തിന് അനുസരിച്ചുള്ള ടൗണ്‍ പ്ലാനിംഗ് കൊണ്ടു വരുമെന്നും സർക്കാർ അറിയിച്ചിരുന്നു.


ഇടുക്കിയിലെ പട്ടയ ഭൂമിക്ക് മാത്രം ഉണ്ടാക്കിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന സുപ്രീം കോടതി നിലപാട്, പട്ടയ ഭൂമിയെ ഊഹ കച്ചവടത്തിനുള്ള ഉപാധിയാക്കാതിരിക്കുവാൻ സഹായകരമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment