പരിസ്ഥിതിയും അപ വികസനവും




തദ്ദേശ തെരഞ്ഞെടുപ്പും പരിസ്ഥിതിയും - ഭാഗം 2 . 


ഇന്ന് ഏറ്റവും അധികം ആശങ്ക ജനിപ്പിക്കും വിധം കേരളത്തിലെ പരിസ്ഥിതി മേഖല അതീവ സങ്കീർണമായിരിക്കുന്നു .
തദ്ദേശീയമായ ഭരണ സംവിധാനത്തിന് ഈ അവസ്ഥയിക്ക് സാരമില്ലാത്ത പങ്കുണ്ട്. ഇതാണ് ഇവിടെ പ്രതി പാദിക്കുന്നത്.
പഞ്ചായത്തി രാജ് നഗരപാലികാ നിയമം കേരളത്തിൽ നിലവിൽ വന്നതോടെ പരിസ്ഥിതി സംരക്ഷണത്തിനും അവയുടെ കരുതലിനും തദ്ദേശീയ സർക്കാരുകൾക്ക് ഗണ്യമായ അധികാരങ്ങളണ് ലഭിച്ചത്.


1995 ഒക്ടോബർ 2 ന് ആണ് പ്രസ്തുത പഞ്ചായത്തി രാജ് / നഗരപാലികാ നിയമമനുസരിച്ച് ഒരു മുന്നാം അധികാര ക്രമം കേരളത്തിൽ പ്രാവർത്തികമാകുന്നത്. മഹാത്മജിയുടെ ജന്മദിനത്തിൽ സ്വയം പര്യാപ്തമായ ഇന്ത്യൻ ഗ്രാമങ്ങളുടെ, ഗ്രാമസ്വരാജ് സങ്കൽപങ്ങളുടെ ഉദാത്തമായ പ്രയോഗമാണ് കേരളത്തിൽ തുടക്കമായത്. 96 ആഗസ്റ്റ് 17 ന് കേരള പിറവി ദിനത്തിൽ ജനകീയാസൂത്രപ്രസ്ഥാനത്തിന് തുടക്കം കുറിച്ച് മുഖ്യ ശിൽപി യശ:ശരീരനായ ഇ.എം.എസ്. അധികാര വികേന്ദ്രീകരണത്തിലെ നാഴി കല്ലാണ് ജനകീയാസൂത്രണ മെന്ന് പ്രഖ്യാപിച്ചു. പദ്ധതി വിഹിതത്തിന്റെ 40 % തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതടക്കം ഒട്ടേറെ അധികാരങ്ങളാണ് താഴേത്തട്ടിലേക്ക് കൈമാറിയത്. (വിശദാംശങ്ങൾ ഒന്നാം ഭാഗത്തിൽ)


ഓരോ പ്രദേശത്തെയും പ്രകൃതി വിഭവങ്ങളുടെ സംക്ഷണവും വിനിയോഗവും എല്ലാം അതത് പ്രാദേശിക സർക്കാരുകളുടെ കീഴിലാക്കി. ഈ ജനാധികാര പ്രക്രിയയെ ഉദാത്തമാക്കുകയും ജനങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്തതാണ് മാധവ ഗാഡ്ഗിൽ റിപ്പോർട്ടിനെ (എക്സ്പേർട്ട് പാനൽ ഫോർ വെസ്റ്റേൺ ഗാട്ട്സ് ) ആഗോളമാതൃകയാക്കുന്നത്. പശ്ചിമഘട്ടത്തെ പരിസ്ഥിതി ആഘാതത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പരിസ്ഥിതി ലോല മേഖലയായി നിർദ്ദേശിക്കുന്നുവെങ്കിലും അവയുടെ അന്തിമ വിശകലനവും തീരുമാനവും ജനങ്ങളുടെ ജനാധിപത്യ വേദിയിലാണ് ഉണ്ടാവേണ്ടത് എന്ന് ഗാഡ്ഗിൽ റിപ്പോർട്ട് നിഷ്കർഷിക്കുന്നു. പശ്ചിമ ഘട്ട മലനിരകളും അവയിലെ കാടുകളും പുൽമേടുകളും അവിടെ നിന്നു പ്രവഹിക്കുന്ന പുഴകളും നദികളും ആയിരക്കണക്കിന് അപൂർവ സസ്യ - ജന്തു വൈവിധ്യങ്ങളും വന്യജീവി സങ്കേതങ്ങളും എല്ലാം ഓരോ പഞ്ചായത്ത് അതിരിൽ നിർണയിക്കുകയും അവയുടെ സുരക്ഷിതത്വവും വിനിയോഗവും പഞ്ചായത്ത് അധികാരത്തിൽ നിക്ഷിപ്തമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.


സമാനമായി ഏത് തരം പ്രകൃതി വിഭവങ്ങളും - പുഴകളും കുളങ്ങളും തണ്ണീർ തടങ്ങളും പാറയും മറ്റു ഖനിജങ്ങളും മണ്ണും വയലും എല്ലാം ഇപ്രകാരം പഞ്ചായത്ത് അധികാരത്തിൽ വരുന്നു.
കേരളത്തിൽ ആകമാനം ഇന്ന് പതിനായിരത്തിനു മേൽ കരിങ്കൽ ക്വാറികൾ ഉണ്ട്. ഇവയിൽ പരിസ്ഥിതി അനുമതിയോടെ പ്രവർത്തിക്കുന്നത് 723 മാത്രമെന്ന് മുൻപു തന്നെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞത് ഇപ്പോൾ 19ആമത് നിയമസഭാ പരിസ്ഥിതി സമിതിയും സാക്ഷി പ്പെടുത്തിയിരിക്കുന്നു. ബാക്കി ആയിരക്കണക്കിന് ക്വാറികൾ അനധികൃതമാണ്. എന്നുവച്ചാൽ നിയമാനുസൃതമല്ലാതെ ജിയോളജി വകുപ്പ് നൽകുന്ന പെർമിറ്റിൽ അവയുടെ സമ്പൂർണാധികാരം ഉള്ള തദ്ദേശ സർക്കാരുകളും അനധികൃത അനുമതി നൽകുന്നു എന്നാണ്.


കുറച്ചു കൂടി സൂക്ഷ്മമാക്കിയാൽ ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ പുറമ്പോക്ക് ഭൂമിയിലോ , റെവന്യൂ ഭൂമിയിലോ, അതല്ല സ്വകാര്യ ഭൂമിയിലോ ക്വാറി ആരംഭിക്കാൻ ജിയോളജി വകുപ്പിന് അപേക്ഷ നൽകുന്നു. റവന്യു വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോഡ്, ഹൈഡ്രോളജി, ആരോഗ്യ വകുപ്പ്, എക്സ്പ്ലോസീവ്സ്, എല്ലാ എൻഒസികളും ആയാൽ പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ അനുമതിയും ലഭിച്ചാലേ ജിയോളജി വകുപ്പ് അനുമതി ലഭിക്കു. ഇതെല്ലാമായാൽ പഞ്ചായത്തിൽ എല്ലാ രേഖകളുമായി അപേക്ഷയെത്തും. പഞ്ചായത്ത് സെക്രട്ടറി പ്രസ്തുത ക്വാറി വന്നാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളിൽ ആ വാർഡിയെ ജനങ്ങളുടെ അഭിപ്രായം അറിയണം.


വാർഡിലെ സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് ക്വാറിക്കെതിരെ പ്രമേയം വല്ലതും പാസാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
ഇതെല്ലാം നോക്കി സെക്രട്ടറിയുടെ ശുപാർശ സഹിതം അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ എത്തും. കമ്മിറ്റിക്ക് അപേക്ഷ അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്യാം. നിരസിക്കുന്നതിന്റെ കാര്യകാരണങ്ങൾ അടക്കം മിനിട്ട്സിൽ രേഖപ്പെടുത്തി അപേക്ഷ ലഭിച്ച് 60 ദിവസത്തിനുള്ളിൽ നിരാസനോട്ടീസ് നൽകണം. സെക്രട്ടറിയുടെ ശൂപാർശ കമ്മിറ്റി നിരസിച്ചാൽ പഞ്ചായത്ത് ട്രിബുണലിൽ അപ്പീൽ നൽകാം. അപേക്ഷകന് കോടതിയിലും പോകാം.സമാനമായി മണ്ണു ഖനനം, വയൽ നികർത്തൽ , കുടിവെള്ള സ്റോതസ് ഇല്ലാതാക്കൽ എല്ലാറ്റിലും പഞ്ചായത്തിന്റെ അധികാരം സമ്പൂർണമാണ്. 


ഒരു ഗ്രാമത്തിന്റെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളുടെ സുരക്ഷയും അവിടത്തെ ജനങ്ങളിലും ജനാധികാര കേന്ദ്രങ്ങളിലും നിയമപരമായി നിക്ഷിപ്തമാണ് എന്ന് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അറിയേണ്ടതാണ്. എന്നാൽ കഴിഞ്ഞ 25 വർഷമായി ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി, അല്ലെങ്കിൽ അതിന്റെ ഗൗരവം ഒട്ടും തന്നെ ബോധ്യപ്പെടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വലിയ അളവിൽ കുറ്റകരമായ തീരുമാനങ്ങൾ ആണ് എടുത്തിട്ടുള്ളത്. അല്ലെങ്കിൽ ജനങ്ങളെ വിഡ്ഡികളാക്കി രാഷ്ട്രീയ പാർട്ടികളും അവരുടെ ഡ്രൈവർമാരായി പഞ്ചായത്ത് / നഗരസഭാ കമ്മിറ്റികൾ അഴിമതി കേന്ദ്രങ്ങളായി.


(മൂന്നാം ഭാഗം നാളെ വായിക്കൂ)

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment