പ്രകൃതി കേരളം മെലിയുകയാണ് - ഭാഗം 1




കേരളം ലോകത്തിനൊപ്പം വളരുന്നു എന്ന് കണക്കുകള്‍ നമ്മെ ബോധ്യപെടുത്തുന്നുണ്ട്. ജിവിത നിലവാര സൂചികയില്‍ സംസ്ഥാനം സമ്പന്ന രാജ്യങ്ങൾക്കൊപ്പമാണ് എന്ന വസ്തുതയെ കുറച്ചു കാണുവാന്‍ കഴിയില്ല. വികസനത്തെ പറ്റിയുള്ള കേരളീയ ധാരണകള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കുന്നത് യുറോപ്പ്യന്‍-മധ്യേഷ്യന്‍ മാതൃകകളാണ്. കാര്‍ഷിക രംഗത്തിനും ദ്വിതീയ മേഖലക്കും മുകളില്‍ സേവനരംഗം നേടിയ മുന്‍കൈ പ്രകൃതി ക്ക് മുകളില്‍ യുദ്ധ വ്യവസായത്തെ ഓര്‍മ്മിപ്പിക്കും വിധം പ്രതികൂലമാക്കുന്നതാണ്. കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-സാമ്പത്തിക വിദക്തർ അതിനൊപ്പം നീങ്ങുകയാണ്. കേരള മാതൃക എന്ന പേരില്‍ ശ്രദ്ധ നേടിയ ക്ഷേമ പദ്ധതികളും അതിനൊപ്പം വളര്‍ന്ന ഊഹവിപണിയും തമ്മിലുള്ള പൊരുത്ത കേട് കേരളത്തെ ബഹുമുഖങ്ങളായ പ്രതിസന്ധിയില്‍ എത്തിച്ചു. ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന പാരിസ്ഥിതികമായ തിരിച്ചടികള്‍ എങ്ങനെ ഒക്കെ മലയാളത്തിന്‍റെ ഭാവിയെ ബാധിക്കും എന്ന് പരിശോധിക്കേണ്ടതുണ്ട്.


കേരളത്തിന്‍റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് നല്ല സ്വാധീനമാണുള്ളത്‌. ശ്രീമതി.ഇന്ദിരാഗാന്ധി സ്റ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഭരണ ഘടനയില്‍ പരിസ്ഥിതി സംരക്ഷണത്തെ മുന്‍ നിര്‍ത്തി 1975-ല്‍ നടത്തിയ നാല്‍പത്തി മൂന്നാം ഭേദഗതികള്‍ (48 A,51A) ലോകത്തിനു തന്നെ മാതൃകയാണ്. അത്തരം ആശയങ്ങളെ പ്രവൃത്തി മണ്ഡലത്തില്‍ എത്തിക്കുവാന്‍ ശ്രീമതി ഇന്ദിരയുടെ പിന്‍ഗാമികള്‍ കേരളത്തില്‍ ശ്രമിച്ചില്ല. മലബാര്‍ കര്‍ഷക സമരത്തിന്‍റെ നേതാക്കള്‍ നീലേശ്വരം കാടുകളെ സ്വകാര്യ ഭൂമിയാക്കി മാറ്റുവാനുള്ള ശ്രമങ്ങളെ തടഞ്ഞത് പരിസ്ഥിതി വിഷയത്തില്‍ നേതാക്കള്‍ കൈകൊണ്ട ഗുണപരമായ സമീപനത്തിന്‍റെ ഭാഗമായി കാണാം. എന്നാല്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും കൃഷി ഭൂമി  സംരക്ഷിക്കുവാന്‍ ബാധ്യസ്ഥര്‍ എന്ന സമീപനത്തെ പില്‍കാലത്ത് ഇടതു പാര്‍ട്ടികള്‍ കൈഒഴിഞ്ഞു. ഭൂമിയെ ഉത്പാദന ഉപാധിയായി കാണുന്നതിനു പകരം തരം മാറ്റി ചരക്കാക്കുന്നതില്‍ തെറ്റില്ല എന്ന ഇടതു നിലപാട് അവരുടെ തന്നെ മുന്‍കാല സമീപന ത്തില്‍ നിന്നുള്ള പിന്നോക്കു പോക്കായി മാറി. വിശ്വാസങ്ങള്‍ക്ക് പ്രകൃതി സംരക്ഷണത്തില്‍ മികച്ച പങ്കുണ്ട് എന്ന് മറക്കുവാന്‍ മത-ജാതി സംഘടന കള്‍ മടിച്ചില്ല. ഇത്തരം അവസരങ്ങള്‍ നടക്കുമ്പോള്‍ ലോക കാലവസ്ഥ യില്‍ സംഭിച്ചു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ ദുരന്തങ്ങളായി കേരള ത്തില്‍ മാറുകയായിരുന്നു. അത് മറന്നുകൊണ്ടാണ് കേരള വികസനത്തെ പറ്റി നേതാക്കള്‍ സ്വപ്നം കാണുന്നത്.


മനുഷ്യരുടെ നിലനില്‍പ്പിനടിസ്ഥാനം വായുവും വെള്ളവും ഭക്ഷണവും സുരക്ഷിതമായ തറയുമാണ്‌. മറ്റുള്ളതെല്ലാം ഇവയുടെ അടിത്തറയില്‍ നിന്ന് ഉയര്‍ന്നു വരുന്നവ മാത്രം.കാറ്റും മഴയും സൂര്യ പ്രകാശവും ഭൂമിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍, മനുഷ്യരുടെ ബുദ്ധിപരമായ ഇടപെടലുകള്‍ ഭക്ഷണത്തിനു വേണ്ടിയുള്ള അലച്ചിലിനെ വലിയ തോതില്‍ കുറച്ചു. അങ്ങനെ അവര്‍ക്ക് ലഭിച്ച മിച്ച സമയം അവരെ ആധുനിക മനുഷ്യരാക്കി മാറ്റി.


പ്രകൃതി എന്ന മൂലധനം:


ഒരു ഹെക്ടര്‍ നെല്‍പ്പാടത്തില്‍ നിന്നും കേരളത്തി ല്‍ മൂവായിരത്തില്‍ കുറയാത്ത കിലോ നെല്ല് ലഭിക്കും. 60കി.ഗ്രാം തൂക്കം വിത്തുകള്‍ പ്രകൃതി ഒരുക്കുന്ന അനുകൂല ഘടകങ്ങളില്‍ വളരുമ്പോള്‍ ഏറ്റവും കുറഞ്ഞത് 15 ഇരട്ടിയായി മാറുന്നത് മനുഷ്യ നിര്‍മ്മിതമല്ലാത്ത പാടവും അരുവിയും കാറ്റും മണ്ണിലെ ജൈവപരമായ പ്രവര്‍ത്തനവും ഒന്നിച്ചു ചേരുമ്പോള്‍ ആണ്. അവിടെ മനുഷ്യഅധ്വാനത്തിനുള്ള പങ്ക് മുകളില്‍ പറഞ്ഞ സാഹച ര്യങ്ങള്‍ക്ക് പിന്നില്‍ മാത്രം. പ്രകൃതിയുടെ ആര്‍ക്കും പകരം വെക്കാന്‍ കഴിയാത്ത ഈ ശേഷിയെ പ്രകൃതി മൂലധനം എന്ന് വിളിക്കും(natural capital).


പാടങ്ങളുടെ സേവനം ധാന്യങ്ങളുടെ ഉത്പാദനത്തില്‍ മാത്രം അവസാനിക്കുന്നില്ല. ഭൂഗര്‍ഭ ജല വിതാനം വര്‍ധിപ്പിക്കുന്നതില്‍ നെല്‍പ്പാടങ്ങള്‍ അതി നിര്‍ണ്ണായകമാണ്. ഒരു ഹെക്ടര്‍ നെല്‍ പാടത്തിന് 800 ക്യു. മീറ്റര്‍ വെള്ളം സംഭരിക്കുവാന്‍ ശേഷിയുണ്ട്. 200ലധികം ജീവികള്‍ പാടത്തു വളരുന്നു. 5.5 ടണ്ണ്‍ ഓര്‍ഗ്ഗാനിക്ക് കാര്‍ബണ്‍ ഒരു ഹെക്ടര്‍ സ്വീകരിക്കും. സള്‍ഫര്‍, നൈട്രജന്‍ വാതങ്ങള്‍ അത് വലിച്ചെടുക്കും.അന്തരീക്ഷ ഊഷ്മാവില്‍ ഒരു ഡിഗ്രി കുറവ് എങ്കിലും ഉണ്ടാക്കുവാന്‍ ഏലകള്‍ക്ക് കഴിയും. മണ്ണൊലിപ്പ്, മലയിടിച്ചില്‍ എന്നിവ കുറയ്ക്കുവാന്‍ അവ സഹായകരമാണ്.


ഇത്തരം സേവനങ്ങളെ കണക്കിലെടുത്താല്‍ ഒരു ഹെക്ടര്‍ നെല്‍പാടം 100 ലക്ഷം രൂപയില്‍ അധികം സേവനമാണ് പ്രതിവര്‍ഷം സമൂഹത്തിനു നല്‍കുക. കേരളത്തില്‍ 1970-71വര്‍ഷത്തെ അവയുടെ വിസ്തൃതി 8.75 ലക്ഷം ഹെക്ടറും ഉത്പാദനം12.98 ലക്ഷം ടണ്ണും. അത് 2020ല്‍ 1.98 ലക്ഷം ഹെക്ടര്‍ ആയി. നെല്ലാകട്ടെ 5.87 ലക്ഷം ടണ്ണും.കേരളം 40ലക്ഷം ടണ്ണ്‍ നെല്ല് പുറത്തു നിന്നും വാങ്ങുന്നു. (40 ലക്ഷം* 25rs =10000 കോടി രൂപ). ഏകദേശം 7 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങള്‍ വികസനത്തിന്‍റെ പേരില്‍ മൂടിയിട്ടുണ്ട്. പ്രകൃതി മൂലധനം എത്ര ലക്ഷം കോടി നഷ്ടപെട്ടിട്ടുണ്ട് എന്ന് കണക്കു കൂട്ടുക.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment