ഇത് മരം കുംഭകോണം; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക




വയനാട്  (മുട്ടിലിൽ) അടക്കം അഞ്ചിലധികം ജില്ലകളിലായി രണ്ടു മൂന്നു മാസം തകൃതിയായി നടന്ന മരംകൊള്ള കേരള ജനതയെ ആകെ ലജ്ജിപ്പിക്കും വിധം പുതിയ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. ഇത്രയും കടുത്ത ഒരു കുറ്റകൃത്യം നടന്നിട്ടും ആരും കുറ്റവാളികൾ അല്ലാത്ത അവസ്ഥ. എല്ലാം കഴിഞ്ഞ്, വെട്ടിവിൽക്കാൻ പറ്റുന്നതെല്ലാം വിറ്റു കാശും കമ്മീഷനും വീതംവച്ചശേഷം എല്ലാവരും കൈ മലർത്തുന്നു.


രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഇറക്കിയ ഉത്തരവ് ഒക്കെ ശുദ്ധഗതിയോടെ ആദിവാസി ക്ഷേമം മാത്രം ഉദ്ദേശിച്ചുകൊണ്ട്! അന്നത്തെ റെവന്യൂ, വനംവകുപ്പു മന്ത്രിമാർക്ക് ഒന്നും പറയാനില്ല, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പരിസ്ഥിതി കാര്യങ്ങളിൽ കൃത്യനിലപാടെടുക്കുന്ന ബിനോയ് വിശ്വം എംപിയും കൃഷി മന്ത്രി പ്രസാദുപോലും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറി. എല്ലാ പുകിലും കഴിയുമ്പോൾ ഏതാനും ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം കെട്ടിവച്ച് തലയൂരാമെന്ന ആശ്വാസത്തിലാവും ഇവരെല്ലാം. അതിനു വഴിയൊരുക്കം വിധം പ്ലാൻ ചെയ്ത ഒരു കാടിളക്കി അന്വേഷണമാണ് കുപ്രശ്സ്തനായ ഏഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും വ്യക്തമാണ്. 
 

ഇത്രയും വിചിത്രമായ ഒരു സംഭവം കേരളത്തിലാണ് നടക്കുന്നതെന്നത് അത്ഭുതമുണ്ടാക്കുന്നതാണ്.  എത്ര മരങ്ങൾ വെട്ടിമാറ്റി? എത്ര ജില്ലകളിൽ ഏതെല്ലാം സ്ഥലത്ത് നിന്ന്? റവന്യു ഭൂമിയിലും വനഭൂമിയിലുമായി കൊള്ളചെയ്ത മരങ്ങളുടെ ഉൽപന്ന വിലയും അതിലുപരി  അത് സൃഷ്ടിക്കുന്ന പാരിസ്ഥികവും ജീവനപരവുമായ നഷ്ടം എത്ര? ഇതൊന്നും അറിയാത്ത, അറിയില്ലെന്ന് നടിക്കുന്ന വകുപ്പുകളും അതിലെ ഉദ്യോഗസ്ഥരും! എന്തിന്, ഇറക്കിയ ഓർഡർ പോലും സൗകര്യപൂർവം പിൻവലിക്കുന്നു. ഈ കണക്കിലൊന്നും പെടാതെ പത്തനംതിട്ടയിൽ റാന്നിക്കടുത്ത് 4 ഏക്കറിലെ റിസർവ് വനത്തിലെ മരങ്ങൾ വെട്ടിമാറ്റി കുറ്റിപോലും ബാക്കി വെക്കാതെ കത്തിച്ചു തെളിവു നശിപ്പിച്ചശേഷം ഇപ്പോൾ ഡെൽറ്റാക്ക് ക്വാറി നടത്തിപ്പിന്  വേണ്ടി നൽകിയ ഗൂഢാലോചന സർക്കാർ അറിഞ്ഞതായി ഭാവിക്കുന്നില്ല!


ഒരു കാര്യം ഉറപ്പാണ്, ഇത് കേവലമൊരു മരം കൊള്ളയല്ല,ഒരു മരം കുംഭ കോണ മാണ്.മുൻ സർക്കാരിലെ വനം, റവന്യു മന്ത്രിമാരും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗ സ്ഥരും വനംമാഫിയയും ചേർന്ന ബഹുകോടികളുടെ കുംഭകോണം.ഇതിലെ കുറ്റ ക്കാരെ, മന്ത്രി മാരടക്കം എത്ര ഉന്നതരായാലും കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടു വരണം.ഇത്തരം നെറികേടുകൾ കേരളത്തിൽ ആവർത്തിക്കരുത്.  അതിന് ഇപ്പോഴത്തെ അന്വേഷണത്തിന് കഴിയുകയില്ല.അതിനാൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അല്ലെങ്കിൽ ഒരു ജുഡീഷ്യൽ അന്വേഷണം വഴി ഈ കുംഭ കോണത്തിന്റെ പിന്നിലെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു.  


പ്രൊഫ. ബി. രാജീവന്‍, (രക്ഷാധികാരി)
ബാബുജി, (കണ്‍വീനര്‍, Mob: 9495055581)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment