ഓഖി ദുരന്തത്തിന് രണ്ട് വയസ് തികയുമ്പോൾ 




2017 നവംബർ 29 നു രാത്രിയിൽ അറബിക്കടലിൽ അസ്വാഭാവികമായി ഉണ്ടായ കനത്ത കാറ്റും മഴയും 143 ജീവനുകളെ  കടലെടുത്തു. 51 പേരുടെ മൃതദേഹങ്ങളെ മാത്രമേ കണ്ടെത്തുവാൻ കഴിഞ്ഞുള്ളൂ.അറബിക്കടൽ ആകെ മാറി എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.


ഏറ്റവും സുരക്ഷിതമായിരുന്ന അറബിക്കടൽ, കൊടും കാറ്റുകൾ ആവർത്തിച്ചു വീശുന്ന ഇടമായി മാറിയതിനു പിന്നിൽ വർദ്ധിച്ച അന്തരീക്ഷ താപനം പ്രധാന പങ്കു വഹിക്കുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ വടക്കൻ ഭാഗത്ത് രൂപം കൊള്ളുന്ന കാറ്റ് ബംഗാൾ ഉൾക്കടൽ പ്രവേശിക്കുന്നതിലൂടെ ബംഗാൾ, തമിഴ്നാട് തീരങ്ങളിൽ ആവർത്തിച്ച് ന്യൂന മർദ്ധങ്ങൾ ഉണ്ടാകാറുണ്ട്. അറബിക്കടലിന്റെ വെള്ളത്തിലെ ഉയർന്ന ഉപ്പുരസം, ചൂടു കുറവുള്ള അന്തരീക്ഷം എന്നിവ കൊടും കാറ്റുകൾ ഉണ്ടാകാനുള്ള അവസരത്തെ കുറച്ചു നിർത്തിയിരുന്നു. മാറിയ കാലാവസ്ഥ വരുത്തിവെച്ച പുതിയ സാഹചര്യങ്ങൾ 2004 മുതലെ (സുനാമി)കേരളം മുതൽ മൂംബെ തീരങ്ങളിൽ വിവിധങ്ങളായ ദുരന്തങ്ങൾ വരുത്തിവെച്ചു.മറ്റു കടലുകളുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, അന്തരീക്ഷത്തിൽ ഏറെ വർദ്ധനവുണ്ടായത് അറബിക്കടലിന്റെ പരിസരത്താണ്. 150 വർഷത്തിനു ശേഷം ഒരേ സമയം രണ്ടു ചുഴലികാറ്റുകൾ ഉണ്ടായ അത്യ പൂർവ്വപ്രതിഭാസത്തിനും അറബിക്കടൽ വേദിയായതിനും അന്തരീക്ഷ ഊഷ്മാവ് കാരണമായി. ഈ മാറ്റങ്ങൾ ഇടവപ്പാതിയെ മാത്രമല്ല തുലാവർഷത്തിന്റെ അളവിലും സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. തുലാമഴ നവംബർ മാസത്തിലും തുടരുന്ന അവസ്ഥ അസ്വാഭാവികമാകുമ്പോൾ അതിന്റെ ഫലം പ്രതികൂലമായിരിക്കും.


കേരളത്തില്‍ തുലാമഴയില്‍ 54 ശതമാനം വര്‍ധന രേഖപ്പെടുത്തിക്കഴിഞ്ഞു. ഒക്ടോബര്‍ ഒന്നു മുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയത്. ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചില്ല എന്നാശ്വസിക്കാം. വരും കാലത്ത് ഇത്തരം പ്രതിഭാസങ്ങൾ വരുത്തിവെക്കാവുന്ന ദുരിതങ്ങളെ പരിഗണിക്കാതെ കേരളത്തിന് മുന്നോട്ടു പോകുവാൻ കഴിയില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment