പരുന്തൻമലയിൽ പാറ ഖനനത്തിന് അനുമതി നേടിയെടുക്കാൻ ശ്രമം; നാട്ടുകാർ ആശങ്കയിൽ




തൊടുപുഴ പാരിസ്ഥിതിക പ്രാധാന്യമുള്ള പരുന്തൻമലയിൽ പാറ ഖനനത്തിന് അനുമതി നേടിയെടുക്കാൻ ഒരു സംഘമാളുകൾ നടത്തുന്ന തീവ്രശ്രമങ്ങൾ പുറപ്പുഴ പഞ്ചായത്തിലെ നാലു വാർഡുകളിൽ ജനജീവിതം അസ്വസ്ഥമാക്കുന്നു. പരുന്തൻമലയിലെ ചിലവൂർ ഭാഗത്ത് 12 ഏക്കർ ഇതിനകം മൂന്നുപേർ ചേർന്ന് വാങ്ങിക്കൂട്ടി. മറ്റു പല സ്ഥലഉടമകളെയും ഖനനമാഫിയകൾ സമീപിച്ചിട്ടുണ്ട്. 


ഇതിനിടെ, പ്രദേശത്തെ ഒരു മെറ്റൽക്രഷർ യൂണിറ്റ് എതിർപ്പുകളെ മറികടന്ന് അനുമതി ഉറപ്പാക്കിയത് ആശങ്കകൾ വർധിപ്പിക്കുന്നു. പുറപ്പുഴ പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെ വാർഡുകളുകൾ ഉൾപ്പെടുന്നതാണ് പരുന്തൻമല. ചെങ്കുത്തായ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയുണ്ടാകുന്ന ചെറിയ മാറ്റംപോലും വൻ വിപത്തുകൾ ക്ഷണിച്ചുവരുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 


മൂവാറ്റുപഴയാറിന്റെ കൈവഴികളായ പുറപ്പുഴതോട്ടിലേക്കും വഴിത്തലതോട്ടിലേക്കും ജലം എത്തിക്കുന്നതിൽ ഈ മലയോരത്തെ അരുവികൾക്കും ഉറവകൾക്കും വലിയ പങ്കുണ്ട്.  ആലുങ്കൽ, വെള്ളക്കുഴി, പെരുമറ്റം, നായ്ക്കനാംകുഴി എന്നീ പാടശേഖരങ്ങളിലെ കൃഷിയും പരുന്തൻമലയെ ആശ്രയിച്ചാണ്. മയിൽ, കാട്ടുകുരങ്ങ്, മരപ്പെട്ടി, മലയണ്ണാൻ, മരത്തവളകൾ തുടങ്ങിയ ജീവികളും വിവിധ ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യവും അപകടത്തിലാണ്.


മലയോരത്തെ 250 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന പരുന്തുംപാറ തോക്കനാ നിരപ്പ് കുടിവെള്ള പദ്ധതിയിലേക്കുള്ള ജലവിതരണത്തെയും പാറഖനനം ബാധിക്കും. എംഎൽഎ ഫണ്ടിൽ നിന്ന് 11.8 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ടാങ്ക് പണിയുന്നതിനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. മേവളക്കുന്നേൽ ഷാജി സൗജന്യമായി നൽകിയ രണ്ടു സെന്റിലാണ് പുതിയ ടാങ്ക് നിർമിക്കുന്നത്. ഇതോടെ 250 കുടുംബങ്ങളുടെകൂടി കുടിവെള്ളക്ഷാമം അകലുമെന്ന ആശ്വാസ വാർത്തക്കിടെയാണ് ഖനനനീക്കം.  പെരുമ്പാവൂർ, കൊല്ലം, മലപ്പുറം സ്വദേശികൾ ചേർന്നാണ് 12 ഏക്കർ വാങ്ങിയത്. 


കേരള കോൺഗ്രസുകാരിയായ പഞ്ചായത്തംഗം ഈ സ്ഥലത്തേക്കുള്ള വഴിയും വിട്ടുകൊടുത്തു. അപകടം മനസ്സിലാക്കിയ നാട്ടുകാർ ഗ്രാമസഭ വിളിക്കാൻ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഒപ്പം നിൽക്കാൻ പഞ്ചായത്ത് നിർബന്ധതമായി. ഇതിനിടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ സമരരംഗത്ത് എത്തി. അതോടെ തണുത്ത ഖനനനീക്കം ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.


പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ ക്രഷർ യൂണിറ്റിന് സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് വഴി പ്രവർത്തനാനുമതി നേടിയതാണ് ആക്ഷൻ കൗൺസിലിനെ ആശങ്കയിലാക്കുന്നത്. സ്‌റ്റോപ്പ് മെമ്മോയ‌്ക്കെതിരെ ക്രഷർ ഉടമ ആദ്യം കോടതിയെയാണ് സമീപിച്ചത്. ആക്ഷൻ കൗൺസിലും കോടതിയിൽ കക്ഷി ചേർന്നു. എന്നാൽ, എതിർ സത്യവാങ്മൂലം നൽകാതെ പഞ്ചായത്ത് ഒത്തുകളിച്ചു. ഇതിനെ വിമർശിച്ച കോടതി, മൂന്നാഴ്ചക്കകം ആക്ഷൻ കൗൺസിലിന്റെ ആക്ഷേപങ്ങൾ കൂടി കേട്ട് തീരുമാനമെടുക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. 


ഇതു മുതലെടുത്ത് ക്രഷർ ഉടമ ജില്ലാ കലക്ടർ ചെയർമാനായ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിനെ സമിപിച്ചു.  പഞ്ചായത്ത് സ്വീകരിച്ച നടപടി അറിയിക്കാൻ ബോർഡ് ഉത്തരവിട്ടു. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ  വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നുണ്ടോയെന്ന സാക്ഷ്യപത്രം പിന്നീടു ഹാജരാക്കിയാൽ മതിയെന്ന വ്യവസ്ഥയോടെ ക്രഷറിന് പ്രവർത്തനാനുമതി നൽകിയ പഞ്ചായത്തിന്റെ നടപടി ഒത്തുകളിയാണെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. ഇതേ വഴിയിലൂടെ പാറഖനനത്തിനുള്ള അനുമതിയും മാഫിയകൾ തരപ്പെടുത്തുമെന്നാണ് ജനങ്ങളുടെ ആശങ്ക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment