പ്രധാനമന്ത്രിയുടെ Plogging കേവലം Green Washing മാത്രം




ഭൂമിയുടെ 2.5%  കര ഭാഗം മാത്രമുള്ള ഇന്ത്യയിൽ 7.5% ജീവി വർഗ്ഗവും 17% മനുഷ്യരും ജീവിക്കുന്നു. ഈ നാട് പാരിസ്ഥിതികമായി വലിയ തിരിച്ചടികൾ നേരിടുന്നു എന്നത് രാജ്യത്തിന്റെ മാത്രം വിഷമമല്ലാതെയായിക്കഴിഞ്ഞു. 1972 സ്റ്റോക്ക് ഹോം സമ്മേളനത്തിൽ പരിസ്ഥിതി വിഷയത്തിനോട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി എടുത്ത സമീപനം ലോക ശ്രദ്ധ ആകർഷിച്ചു.അതിന്റെ തുടർച്ചയായി 1974 ൽ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ  സർക്കാരും ജനങ്ങളും പരിസ്ഥിതിയോട് കാട്ടേണ്ട ഉത്തരവാദിത്തം ഉറപ്പു വരുത്തിയിരുന്നു. എന്നാൽ നിലപാടുകളുമായി മുന്നോട്ടു കൊണ്ടു പോകുവാൻ ദേശീയ, സംസ്ഥാന സർക്കാരുകൾ വേണ്ടത്ര താൽപ്പര്യം കാട്ടിയില്ല. 1974 മുതൽ 2018ൽ വരെ രാജ്യത്തുണ്ടായ പരിസ്ഥിതി സംബന്ധിയായ നിരവധി നിയമങ്ങൾ പേപ്പർ പുലികളായി നില നിൽക്കുന്നുണ്ട്. 1996 മുതൽ ചർച്ച ചെയ്ത  തീരദേശ നിയമം 2018ൽ  നടപ്പിലാക്കിയപ്പോൾ തീരങ്ങളിലെ നിർമ്മാണ നിയന്ത്രണങ്ങൾ 500 മീറ്ററിൽ നിന്നും 50 ഉം 20 ഉം മീറ്ററിലായി ചുരുങ്ങി എന്നു കാണാം. ആഗോളവൽക്കരണ കാലത്തെ  വ്യവസായ കോറി ഡോർ, Special Economic Zone (SEZ) മുതലായ സംരംഭവങ്ങൾ, Making India പദ്ധതികൾ, സാഗർ മാല വികസനം, മലയോര ഹൈവെ  വിഷയങ്ങൾ പരിസ്ഥിതിയെ പരിഗണിക്കാതെ നടപ്പിലാക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്. 


ലോക സാമ്പത്തിക ശക്തിയായി മാറുന്നു എന്നവകാശപ്പെടുന്ന ചൈന, അവരുടെ രാജ്യത്തേക്കുള്ള ഉപയോഗിച്ച പ്ലാസ്റ്റിക്കുകളുടെ ഇറക്കുമതി നിയന്ത്രിച്ചതും ബീജിംഗ് നഗരത്തെ പച്ച പുതപ്പിക്കുവാൻ ശ്രമങ്ങൾ നടത്തുമ്പോഴും ഇന്ത്യയുടെ പരിസ്ഥിതി വിഷയത്തിലെ നിലപാടുകൾ  ആശാവഹമല്ല.ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി, മാമലപുരത്തെ Modi-Xi കൂടിക്കാഴ്ച്ച പരിപാടിക്കൊപ്പം നടത്തിയ Plogging (jogging നൊപ്പം മാലിന്യങ്ങൾ ശേഖരിക്കൽ) വലിയ വാർത്തയായി മാറിയത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികാരം കൈകാര്യം ചെയ്യുന്ന വ്യക്തി  എന്ന നിലയിൽ മാലിന്യ സംസ്ക്കരണത്തെ പറ്റിയും പ്ലാസ്റ്റിക്ക് വിരുധതയെ പറ്റിയും സംസാരിക്കുക (പ്രയോഗിക്കുക) എന്നാൽ അധികാര കേന്ദ്രത്തിലിരുന്ന് പ്രകൃതിയെ വെല്ലുവിളിക്കുന്ന രീതിയുടെ ( Green washing) പിന്നിലെ അപകടം സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

 
ചൈന, സ്വീഡന്‍, ജര്‍മ്മനി, ജപ്പാന്‍, അയര്‍ലണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍  രണ്ടു വര്‍ഷം മുമ്പത്തേക്കാൾ 15% പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്ലാസ്റ്റിക് ഉപയോഗം 2016-17 കാലഘട്ടം കൊണ്ട് 15.5%  വര്‍ദ്ധിച്ചു. 2014- 15 ൽ 15,342 ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പുറത്തു നിന്നും ഇന്ത്യയില്‍ എത്തി. അത് 2017-18 ൽ  16,250 ടണ്‍ ആയി  വര്‍ദ്ധിച്ചു.

 
സീറോ പ്ലാസ്റ്റിക് വേസ്റ്റ് അക്കാദമി എന്ന പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും  ഇന്ത്യ പദ്ധതി നടപ്പാക്കിയില്ല.. 2020 ആകുമ്പോഴേക്ക് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിരുന്ന അഞ്ചു നഗരങ്ങളെ പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിമുക്തമാവുക യായിരുന്നു പദ്ധതി ലക്ഷ്യം വെച്ചത്. പ്ലാസ്റ്റിക്കിൽ നിന്നും സൂര്യതാപമേറ്റ്  കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ ഡയോക്‌സൈഡും ഡയോക്‌സിനും പുറത്തു വരുന്നു. ഇതിൽ ഡയോക്സിൻ  കാന്‍സര്‍ ഉണ്ടാകുവാൻ കൂടുതൽ കാരണമാകുന്നതാണ്.


അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ വായു മലിനീ കരണത്തിന്റെ നിരക്ക് 5.5% കണ്ട് കുറഞ്ഞപ്പോള്‍ ഇവിടെ 6%  വര്‍ദ്ധനവുണ്ടായി. ലോകത്തിലെ പ്രധാനപ്പെട്ട 20 വായു മലിനീകരണ നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയില്‍ തന്നെ. കല്‍ക്കരിയുടെയും എണ്ണയുടെയും ഉപഭോഗം കുറയ്ക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറല്ല. പാരീസ് കരാറിന് നല്‍കിയിട്ടുള്ള എന്‍.ഡി.സി. (നാഷണല്‍ ഡിറ്റര്‍മൈന്റ് കോണ്‍ട്രിബ്യൂഷന്‍) അനുസരിച്ച് 2017 അവസാനമാകു മ്പോഴേക്കും കല്‍ക്കരിയുടെ ഉപയോഗം 25 മുതൽ 30 ലക്ഷം ടൺ കണ്ടു  കുറയ്ക്ക ണമെന്ന് ഉറപ്പ് ഇന്ത്യ നൽകിയതാണ്. എന്നാല്‍ ആ കാലയളവില്‍ കല്‍ക്കരിയുടെ ഉപയോഗം 300.8 കോടിയില്‍ നിന്നും 1000 കോടി ടണ്ണായി വര്‍ദ്ധിച്ചുവെന്നാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ചെയര്‍മാന്‍ വെളിപ്പെടുത്തിയത്. 


ഗ്ലോബല്‍ സോളാര്‍ അലയന്‍സ് എന്ന സംഘടന കല്‍ക്കരിയിലും എണ്ണയിലും അധികമായി ചുമത്തിയിട്ടുള്ള സെസ് ഉപയോഗിച്ച് ഹരിത ഊര്‍ജ്ജങ്ങളായ സോളാര്‍, തിരമാലയില്‍ നിന്നുള്ള വൈദ്യുതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം വെച്ചത്. അതിനായി കല്‍ക്കരിയുടെ സെസ് 50 രൂപയിൽ  നിന്നും 400 ആക്കി ഉയര്‍ത്തി. ഈ ഫണ്ടിനെ ഗ്രീന്‍ എനര്‍ജി ഫണ്ട് എന്ന പേരിലേക്കു മാറ്റുകയാണ് ചെയ്തത്. 2010-ല്‍ രൂപംനല്‍കിയ ഫണ്ടില്‍ 54,436 കോടി രൂപയോളം എത്തി ച്ചേർന്നു. എന്നാൽ അതിന്റെ 2 % മാത്രമേ പുതിയ തരം ഊർജ്ജ ശ്രാേതസ്സിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. 2022 ആവുമ്പോഴേക്കും കരാര്‍ അനുസരിച്ച്  120 ഗിഗാവാട്ട് പാരമ്പ്യേതര ഊർജ്ജം ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. നിലവില്‍ 45 ഗിഗാവാട്ട് മാത്രമാണ് ഉല്‍പ്പാദന ശേഷി. ഓരോ വര്‍ഷവും ഗ്രീന്‍ നികുതി വഴി പിരിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടിയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ മാത്രമേ 2022 ആകുമ്പോഴേക്കും 122 ഗിഗാവാട്ടോളം ഹരിത ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ. ഇന്നത്തെ പദ്ധതികൾ കൊണ്ട് ലക്ഷ്യം  അസാധ്യമാണ്. കോള്‍ സെസില്‍ നിന്നും പിരിച്ചെടുത്ത തുക സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചു.ജി.എസ്.ടി. നടപ്പാക്കി യതോടെ ഹരിത സെസ്സ് സർക്കാർ അവസാനിപ്പിക്കുകയും ചെയ്തു എന്നു കാണാം.


ആഗോള താപനം വഴി ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. അതിന്റെ ഇരകളാക്കപ്പെട്ടവർ ഇന്ത്യൻ കര്‍ഷകരും കാര്‍ഷി കോല്‍പ്പന്നങ്ങള്‍ അമിതമായ വരള്‍ച്ചയില്‍പെട്ട്  നശിക്കുന്നു. വെള്ളപ്പൊക്കവും മറ്റൊരു ദുരന്തമായി ആവർത്തിക്കുന്നു. 2017ൽ കാര്‍ഷികോല്‍പ്പാദനത്തില്‍ 4.5 ശതമാനം കുറവുണ്ടായി എന്ന് സർക്കാർ തന്നെ വിവരിക്കുന്നുണ്ട് . 


ജി7 രാഷ്ട്രങ്ങളും അമേരിക്കയും നടത്തുന്ന കാര്‍ബണ്‍ ബഹിർ ഗമനം കുറച്ചാല്‍  30 % പരിസ്ഥിതി സംബന്ധമായ മരണങ്ങള്‍ കുറയ്ക്കുവാനും 12 % ദേശീയ വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്ത്യയില്‍ ആറു %കൂടുതല്‍ വായു മലിനീകരണം വര്‍ദ്ധിച്ചപ്പോള്‍ വയലില്‍ ജോലിയെടുക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ രോഗങ്ങള്‍ക്ക് വിധേയമായി.  


തെക്കേ ആഫ്രിക്കയിലെ കേപ്ടൗണ്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടാന്‍ സാധ്യതയുള്ള ഒരു നഗരമായി ബാംഗ്ലൂര്‍ നഗരം മാറി. ഗ്രാവിറ്റി റിക്കവറി ആന്റ് ക്ലൈമാറ്റ് എക്‌സ്‌പെരിമെന്റിന്റെ പഠനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശുദ്ധജലം നഷ്ടപ്പെടുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശരാശരി 108 ക്യുബിക് മീറ്റര്‍ ജലം ഭൂ അറകളില്‍ നിന്നും ബാഷ്പമായി പോകുന്നുണ്ട്. ആഗോളതാപനത്തിലുള്ള വര്‍ദ്ധനവ് ഭൂ അറകളിലെ ജലത്തെപ്പോലും ബാഷ്പമായി പോകുന്നതിന് ഇട വരുത്തി. 


ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട കാണ്‍പൂര്‍, ഫരീദാബാദ്, പാറ്റ്‌ന, ആഗ്ര, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ജലബാഷ്പീകരണം വര്‍ദ്ധിച്ചത് ഈ നഗരങ്ങളിലെ അമിതമായ താപനം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 


ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ നിര്‍ബന്ധ മാക്കുന്ന നിയമം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഭാരത് സ്റ്റേജ് ഒന്നു മുതല്‍ ആറു വരെ ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ നിയമത്തില്‍ ക്രമേണ ഇന്ധനത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. 2020 ആവുമ്പോഴേക്കും 30 ശതമാനത്തോളം വാഹന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ തീരുമാനത്തെ സർക്കാർ തന്നെ അട്ടിമറിച്ചു.


ഒരു വശത്ത് ദേശീയ സർക്കാർ അന്തർ ദേശീയ ധാരണകളെ പോലും അട്ടിമറിച്ച് പരിസ്ഥിതി നശീകരണത്തെ നേരിട്ടും അല്ലാതെയും പ്രാേത്സാഹിപ്പിക്കുന്നു. അതേ പാതയിൽ സംസ്ഥാന സർക്കാർ മുന്നോട്ടു നീങ്ങുന്നു.മറുവശത്ത് നമ്മുടെ പ്രധാന മന്ത്രി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കി വാർത്ത ശ്രുഷ്ടിക്കുന്നു. പരിസ്ഥിതിയുടെ സംതുലനത്തെ മുൻനിർത്തി മാത്രം നടത്തേണ്ട ദേശീയ /സംസ്ഥാന / ത്രിതല ആസൂത്രണങ്ങളെ മറക്കുന്ന നമ്മുടെ നേതാക്കളുടെ പൊടിക്കൈകൾ (Green washing) രാജ്യത്തിന്റെ പാരിസ്ഥിതിക ദുരന്തത്തിന് പരിഹാരമാകില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment