പാര്‍വതി പുത്തനാര്‍ നവീകരണം മാസങ്ങളായി മുടങ്ങി കിടക്കുന്നു




ഇടത് സ‍ര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പാര്‍വതി പുത്തനാര്‍ നവീകരണം മാസങ്ങളായി മുടങ്ങി. പദ്ധതിയുടെ ആദ്യ ഘട്ടം ഈ മേയില്‍ പൂര്‍ത്തിയാകണമായിരുന്നു. എന്നാൽ പാതിവഴിയിൽ നവീകരണം നിർത്തിയതോടെ വീണ്ടും പഴയപടിയായി മാറി. കോവിഡ് ഭീതിയിലാണ് നവീകരണം പുനരാരംഭിക്കാത്തത് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളും കച്ചവടങ്ങളും മറ്റുമെല്ലാം നടക്കുമ്പോൾ പരിസ്ഥിതിയുടെ കാര്യത്തിൽ മാത്രമാണ് കോവിഡ് തടസമാകുന്നത്.


നവീകരണം മുടങ്ങിയതോടെ തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളും വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഈ വര്‍ഷം പകുതിയോടെ ബോട്ട് യാത്രയ്ക്ക് സജ്ജമാകേണ്ടിയിരുന്ന പുത്തനാര്‍ വീണ്ടും മാലിന്യവും പോളയും നിറഞ്ഞ അവസ്ഥയിലാണ്. സ്വപ്ന പദ്ധതിയായ ദേശീയ ജലപാതയിലെ നിര്‍ണായക ദൗത്യമായിരുന്നു പുത്തനാര്‍ നവീകരണം. കോവളം മുതല്‍ ബേക്കല്‍ വരെ നീളുന്ന ദേശീയ ജലപാത. പദ്ധതിപ്രകാരം എല്ലാം നടന്നിരുന്നെങ്കില്‍ കോവളം മുതല്‍ കോഴിക്കോട് വരെയെങ്കിലും ബോട്ട് ഓടുമായിരുന്നു. പോളയും മാലിന്യവും നീങ്ങി തിരുവനന്തപുരം പാര്‍വതി പുത്തനാര്‍ സ‍ര്‍വ്വ പ്രൗഡിയും വീണ്ടെടുക്കുമായിരുന്നു. എന്നാല്‍ പുത്തനാറിന്റെ സ്ഥിതിയിപ്പോള്‍ മാലിന്യം നിറഞ്ഞ് ഒരുക്കുപോലും നിലയ്ക്കുന്ന അവസ്ഥയിലാണ്.


കേരള വാട്ടര്‍വേയ്സ് ആന്റ് ഇന്‍ഫ്രാസക്ടചര്‍ ലിമിറ്റഡിനാണ് പുത്തനാ‍ര്‍ നവീകരണത്തിന്റെ ചുമതല. ആക്കുളം മുതല്‍ കോവളം വരെയുള്ള 16.5 കിലോമീറ്റര്‍ ശുചീകരണം 2018 ജൂണില്‍ തുടങ്ങി. വള്ളക്കടവ് വരെയുള്ള ഭാഗത്ത് രണ്ടാം ഘട്ട ശുചീകരണവും നടത്തി 1.5 മീറ്റര്‍ ആഴം കൂട്ടി. ബോട്ട് ട്രയല്‍ റണ്ണും നടത്തി. പക്ഷെ വള്ളക്കടവ്, തെരുനെല്ലി പാല നിര്‍മാണത്തോടെ തുടര്‍ ശുചീകരണവും ആഴം കുട്ടലും മുടങ്ങി. വീണ്ടും പോളയും മാലിന്യവും നിറഞ്ഞു. ഫലത്തില്‍ ഒന്നര കോടിയോളം മുടക്കി വൃത്തിയാക്കിയ 16.5 കിലോമീറ്റര്‍ ഇനി വീണ്ടും ശുചീകരിക്കേണ്ട അവസ്ഥയിലാണുള്ളത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment