മഴ എവിടെ പോയി?




2020 ലേതെന്ന പോലെ 2021 ജൂൺ മാസവും ഇടവപ്പാതി കുറവായിരുന്നു എന്ന് കാലാവസ്ഥാ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ ആകെ ലഭിക്കേണ്ട 643 mm മഴയിൽ കിട്ടിയത് 408.4 mm. കോട്ടയം ജില്ലക്കു മാത്രം ശരാശരി മഴ ലഭിച്ചു (-12%).(-19% to + 19% ലഭ്യത സാധാരണ മഴയായി കരുതും).


മൺസൂൺ മേഘങ്ങൾ ആൻഡമൻ ദ്വീപുകൾ കടന്ന് 38 ദിവസമാകുമ്പോഴെക്കും രാജസ്ഥാനിലെത്തും. മേയ് 20ന് ആൻഡമൻ ദ്വീപുകളിൽ എത്തുന്ന കാറ്റ് കേരള തീരത്ത് ജൂൺ 1 ന് അണയും എന്നാണ് നിരീക്ഷകരുടെ ധാരണ. ഈ വർഷമത് ജൂൺ മൂന്നിന് നാട്ടിലെത്തി. 


ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മഴക്കാലം സാധാരണമായിരിക്കും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ദേശീയമായി Long Period Average or LPA പ്രതീക്ഷ 96 to 104 %.വടക്കു പടിഞ്ഞാറൻ മേഖലയിൽ 92 to 108%.തെക്കു മുനമ്പ് 93 to 107% എന്നിങ്ങനെയാകും എന്നു കരുതുന്നു.


കേരളത്തിൽ 3 ദിവസം വൈകിയാണ് മൺസൂൺ എത്തിയത്. ഒഡീഷയിൽ ജൂൺ 13 നു ശേഷം ശക്തമാകുമെന്നും ജമ്മു കാശ്മീരിൽ കൂടുതലും ലെയിൽ കുറഞ്ഞ മഴക്കും സാധ്യത കൽപ്പിച്ചു.
 

കേരളത്തിൽ 2018 ലും 2019 ലും കഴിഞ്ഞ വർഷവും ജൂൺ, ജൂലൈ മാസത്തിലുണ്ടായ വലിയ തോതിലുള്ള മഴക്കുറവും ആഗസ്റ്റ് മാസത്തെ (രണ്ടാഴ്ച്ച) അതിതീവ്ര മഴയും നാടിനുണ്ടാക്കിയ ദുരിതങ്ങൾ എത്ര ഭീകരമായിരുന്നു എന്നു മലയാളികൾക്കറിയാം.


ഇക്കഴിഞ്ഞ 30 ദിവസത്തിനിടയിലെ 408.4 mm മഴ, കഴിഞ്ഞ 39 വർഷങ്ങളിലെ ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂന്നാമത്തെ ജൂൺ മഴക്കാലമാണ്. 1983 ലെ 322.8 mm, 2019 ൽ 358.5 mm എന്നിവയാണ് മറ്റു വർഷങ്ങൾ. 2013 ജൂണിൽ 1042.7 mm മഴ രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് 10% അധിക മഴ 30 ദിവസത്തിനകം ലഭിച്ചു. (182.9 mm).


തിരുവനന്തപുരം ജില്ലയിൽ 55 % വും പാലക്കാട് 50%വും വയനാട്ടിൽ 40% മഴ കുറവായിരുന്നു. 2020 ൽ വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ വൻ തോതിലുണ്ടായിരുന്ന കുറവ് ജൂലൈയിലും തുടർന്നു. ആഗസ്റ്റിലെ അതിതീവ്ര മഴ ശരാശരി മഴ ലഭ്യതയിലെക്ക് കേരളത്തെ അടുപ്പിച്ചു. കാലാവസ്ഥയിലെ മാറ്റം മേഘത്തിൻ്റെ രൂപീകരണത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ചെറുതും എണ്ണത്തിൽ കൂടുതലുമായ മേഘങ്ങൾക്കു പകരം വലിപ്പം കൂടിയ കൂമ്പാര മേഘങ്ങൾ ഉണ്ടാകുന്നത് അതിതീവ്ര മഴക്കു കാരണമാണ്. അന്തരീക്ഷ ഊഷ്മാവിലെ വർധന, കാടുകൾ നഷ്ട്ടപ്പെട്ടതും വർധിച്ച മല തുരക്കലും പാടങ്ങൾ നികന്നതും മഴ മാറി നിൽക്കുന്നതുമെല്ലാം പ്രകൃതിയുടെ താളപ്പിഴയുടെ ലക്ഷണങ്ങളാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment