അപൂർവ ഇനം സിഗ്നൽ മത്സ്യം ഇന്ത്യയിലാദ്യമായി കേരളതീരത്ത് 




തിരുവനന്തപുരം: അപൂര്‍വ ജനുസ്സില്‍പ്പെടുന്ന സിഗ്നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി. കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച്‌ കണ്ടെത്തിയത്. ആദ്യമായാണ് ഒരു സിഗ്നല്‍ മത്സ്യത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് 'റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം' (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ്‌ നല്‍കിയിരിക്കുന്നത്. ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.


ഇന്ത്യയില്‍നിന്നു കണ്ടെത്തിയതിനാലാണ് ഇവയ്ക്ക് 'റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം എന്ന ശാസ്ത്രീയ നാമം നല്‍കിയത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന്‌ നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം 'ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കണ്ടെത്തിയ ഇനം ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതാണ്‌. ഇതിന് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. ആദ്യ മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകള്‍ കാണാം. തങ്ങളുടെ പ്രദേശത്തില്‍ ആധിപത്യം സ്ഥാപിച്ച്‌, ഇണയെ ആകര്‍ഷിക്കാനുള്ള അടയാളങ്ങള്‍ക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഇത്തരം സ്വഭാവവിശേഷംകൊണ്ടാണ് ഇവയെ 'സിഗ്നല്‍ മത്സ്യങ്ങള്‍' എന്നുവിളിക്കുന്നത്. സി.ടി. സ്കാന്‍ ഉപയോഗിച്ചുനടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ, ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളില്‍നിന്നാണ് സിഗ്നല്‍ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്. കേരളതീരത്തുനിന്ന് ഇവയെ കണ്ടെത്തിയ സ്ഥലങ്ങളിലും പവിഴപ്പുറ്റുകള്‍ കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പ്രൊഫ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment