ചുട്ടു പൊള്ളുന്ന കേരളത്തെ തണുപ്പിക്കാൻ ഉടൻ വേനൽ മഴയെത്തും




കൊടും ചൂട് കേരളത്തെ ചുട്ട് പൊളിക്കുമ്പോൾ ആശ്വാസമായി വേനൽ മഴയെത്തുമെന്ന പ്രതീക്ഷ പങ്ക്‌വെച്ച് കാലാവസ്ഥാ ഗവേഷകർ. ഈ വാരാന്ത്യം മുതൽ ഏപ്രിൽ ആദ്യവാരം വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴയെത്തുമെന്നാണു ഗവേഷകർ നൽകുന്ന സൂചന. 


എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിലേക്ക് മഴമേഘങ്ങൾ ഒന്നും നീങ്ങുന്നില്ല. നിലവിൽ ബംഗാൾ ഉൾക്കടൽ മഴമേഘങ്ങളെ അകറ്റുന്ന എതിർചുഴലികളുടെ പിടിയിലാണ്. 


ബംഗാൾ ഉൾക്കടലിൽ കാര്യമായ ന്യൂനമർദങ്ങൾ രൂപമെടുക്കാൻ മേയ് വരെ കാത്തിരിക്കണം. എന്നാൽ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങൾ തെക്കൻ കേരളത്തിൽ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ. അറബിക്കടലിൽനിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കൻ കാറ്റും അകന്ന് നിൽക്കുകയാണ്.


മഴമേഘങ്ങൾ അകന്നതോടെ തെളിഞ്ഞ ആകാശത്തുകൂടി സൂര്യാതപം അത്രയും നേരിട്ടു ഭൂമിയിലേക്കു പതിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ നദികളും ജലാശയങ്ങളും വറ്റി, പാടശേഖരങ്ങൾ വിണ്ടുകീറി. നിരന്തരമായി സൂര്യതാപം ഏൽക്കുകയാണ്. ഏതാനും പേര് മരണമടയുകയും നൂറിലധികം ആളുകൾക്ക് സൂര്യതാപം ഏൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന് മാത്രം 11 പേർക്കാണ് സൂര്യതാപം ഏറ്റത്. ഈ സാഹചര്യത്തിൽ വേനൽ മഴ എത്തുന്നത് ചൂട് ശമിക്കുന്നതിനും ജലാശയങ്ങളിൽ വെള്ളമെത്തിക്കുന്നതിനും സഹായകമാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment