അന്തരീക്ഷ ഊഷ്‌മാവ്‌ കുറക്കാൻ കഴിവുള്ള പാടങ്ങൾ ഇന്ന് രേഖകളിൽ മാത്രം




ചേരൽ ദേശം എന്നും പേരുള്ള  കേരളത്തിന്റെ പ്രത്യേകതകൾ , പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലനിരകളും അതിന്റെ താഴ് വരയിൽ നിന്നും അരുവികളും തോടുകളുമായി ഒഴുകി തുടങ്ങുന്ന  പുഴകളുമാണ്. ഒപ്പം ഇടനാട്ടിൽ എത്തുന്ന സാമാന്യം പരന്നൊഴുകുന്ന പുഴകളുടെ ഓരങ്ങളിൽ കാണുന്ന  കുളങ്ങളും നെൽപ്പാടങ്ങളും  മറ്റു പ്രത്യേകതകളാണ്. നദികൾ കായലിലൂടെ കടലിൽ പതിക്കുന്നതിനാൽ, ഉപ്പുവെള്ളത്തിന്റെ തള്ളലിനെ നിയന്ത്രിക്കുവാൻ പ്രകൃതി വിജയിക്കുന്നു. ഇടവ പാതിയും തുലാവർഷവും ചെറിയ അളവിലെ വേനൽ മഴയും കാലാവസ്ഥയിൽ വളരെ നിർണ്ണായക സ്വാധീനം ചെലുത്തി വരുന്നു .ഇടവപ്പാതയിലെ നിറഞ്ഞൊഴുകുന്ന നദികൾ പാടങ്ങളിലൂടെ ഒഴുകി, തോപ്പുകളിൽ എത്തിയിരുന്നു. ചുമന്നാെഴുകുന്ന നദിയിലെ ധാതു ലവണങ്ങൾ അറബിക്കടലിൽ ചാകര എന്ന പ്രതിഭാസത്തെ  എല്ലാവർഷവും സാധ്യമാക്കി.  


38.5 ലക്ഷം ഹെക്ടർ ഉപരിതല വാസ്തൃതിയുള്ള കേരളത്തിൽ നിലനിന്നിരുന്ന  8.8 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ ഒരു കാലത്ത് 10 ലക്ഷം ടണ്ണിലധികം നെൽ ഉൽപ്പാദനം ഉണ്ടായിരുന്നു . വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുവാൻ പ്രധാന പങ്കുവഹിച്ച നെൽപ്പാടം 200 നടുത്ത്  ചെറുതും വലുതുമായ  ജീവികളുടെ നിലനിൽപ്പിന് നിർണ്ണായകമാണ്. 


സംസ്ഥാനത്തെ ഭൂഗർഭ ജലവിതാനം ഗൗരവതരമായി കുറയുകയാണ്. Aquifer (ജല ഭൃതം) എന്നഭൂഗർഭ ജല അറയാണ്  മണ്ണിനെ തണുപ്പിക്കുന്നതും നദിയെയും കുളങ്ങളെയും കിണറുകളെയും മറ്റും ജീവസ്റ്റുതാക്കുന്നത്. ലോകത്തെ പ്രധാന Aquifer ൽ ഒന്നായ ഗംഗ, ബ്രഹ്മപുത്ര , ഇൻഡസ് മുതലായവയോളം വലിപ്പമില്ലെങ്കിലും കേരളത്തിലെ, വർക്കല മുതൽ സ്ഥിതി ചെയ്യുന്ന ജല ഭൃതങ്ങൾ  കേരളക്കരയെ  നനച്ചു നിർത്തുന്നുണ്ട്. ഇതിന്റെ അളവിലെ കുറവ് മണ്ണിന്റെ ജൈവ അവസ്ഥയെ പ്രതികൂലമാക്കും. നാട്ടിലെ  മണ്ണിന്റെ വെള്ളം സ്വീകരിക്കുവാനുള്ള കഴിവ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഭൂഗർഭ ജലവിതാനം അപകടത്തിലേക്ക് നീങ്ങുകയാണ്. കാസർഗോഡ് മാത്രമാണ് കുറച്ചെങ്കിലും സുരക്ഷിതം .പാലക്കാട് 17% വെള്ളം മാത്രമാണ് ഭൂഗർഭമായി മാറുന്നത്.


പാടങ്ങൾ മഴവെള്ള സംഭരണിയായും ഭൂ ഗർഭ ചോർപ്പകളായും (funnel) പ്രവർത്തിക്കുന്നു. ഒരു ച.മീറ്ററിൽ 8 ക്വുബിക്ക് മീറ്റർ വെള്ളം / ഒരു ച.മീറ്റർ / സ്വീകരിക്കുവാൻ കഴിവുള്ള പടങ്ങൾക്ക് ഒരു ഹെക്ടറിൽ 8 കോടി ലിറ്റർ വെള്ളം സംഭരിക്കുവാൻ ശേഷിയുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഭൂഗർഭത്തിൽ സംഭരിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ പ്രത്യേകം പറയേണ്ടതില്ല.സംസ്ഥാനത്തെ  7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ മൂടപെട്ടു എന്നു പറഞ്ഞാൽ 8 കോടി X 7 ലക്ഷം  =56 ലക്ഷം കോടി ലിറ്റർ വെള്ളം സംഭരിക്കുവാനുള്ള നാടിന്റെശേഷി നഷ്ടപെട്ടു എന്നാണർത്ഥം.


നാടിന്റെ ഏതൊരു മുന്നേറ്റവും ഭക്ഷ്യ സുരക്ഷയെ പരിഗണിക്കാതെയാണെങ്കിൽ ലക്ഷ്യത്തിലെത്തില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.രണ്ടാം ലോക യുദ്ധത്തിനു ശേഷം ജപ്പാനും അതിനു മുൻപ് തന്നെ അമേരിക്കയും 1948 നു ശേഷം ചൈനയും  ഇതു മനസ്സിലാക്കി .1957ലെ കേരള സംസ്ഥാന ബജറ്റ് ഗൗരവതരമായി ഇത്തരം പ്രശ്നങ്ങൾ പരാമർശിച്ചു.ഭക്ഷ്യ സുരക്ഷയ്ക്കായി നെൽ ഉൽപ്പാദനം വർദ്ധിപ്പിക്കും എന്ന് അടിവരയിട്ടു പറഞ്ഞു .പച്ചില വളകൃഷി പ്രോത്സാഹിപ്പിച്ചു. 79 ൽ 8.8 ലക്ഷം ഹെക്ടറിലായി 12 ലക്ഷം ടൺ നെൽ ഉൽപ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത്തെ ഉൽപ്പാദനം 5 ലക്ഷം ടണ്ണിലെത്തി. കേരളം വികസനത്തിന്റെ പാതയിലൂടെ കുതിക്കുന്നു എന്നു പറയുന്ന അതേ ചുറ്റുപാടിൽ ഭക്ഷ്യ (ഉൽപ്പാദന) കമ്മി 85% ആയി കഴിഞ്ഞു എന്നത് അഭിമാനമർഹിക്കുന്ന വാർത്തയല്ല.


വിസ്താരം കൂടിയ പാടങ്ങളിൽ (ജലസംഭരണികൾ ) തങ്ങി നിൽക്കുന്ന വെള്ളം ബാഷ്പീകരണത്തിനു വിധേയമാകുന്നതിനാൽ അന്തരീക്ഷ ഊഷ്മാവ് കുറക്കുവാൻ അതിനു കഴിവുണ്ട്. ശരാശരി 1.50 മുതൽ 3 ഡിഗ്രി വരെ ഊഷ്മാവ് കുറക്കുവാൻ നെൽപ്പാടങ്ങൾക്കു കഴിയും. കേരളം ചൂടിനാൽ വെന്തുരുകി, മനുഷ്യരുടെയും നാൽകാലികളുടെയും ജീവൻ തന്നെ വെടിയേണ്ടിവന്ന സാഹചര്യങ്ങൾ, കിണറുകൾ വറ്റുന്നത്, തവളയും മറ്റും ഇല്ലാത്തതിനാൽ കൊതുകുകൾ വർദ്ധിക്കുന്നത്, ശുദ്ധജല മത്സ്യങ്ങളുടെ കുറവ്  തുടങ്ങിയ നിരവധി പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തി ലാണ് ,ഇടതുപക്ഷ സർക്കാർ മുൻ സർക്കാരിനെ ഓർമ്മിപ്പിക്കും വിധം നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ കൂടുതൽ അശക്തമാക്കിയത്.  2008 ൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ നിയമം നിലവിലുള്ളപ്പോൾ തന്നെ, 25000 ഹെക്ടർ നെൽപ്പാടം നികത്തിയ സാഹചര്യങ്ങളെ  നിസ്സാരവൽക്കരിച്ച് നെൽപ്പാട നശീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളം ,ചൂടിനാൽ കത്തിയമരുമ്പോൾ യഥാർത്ഥ കാരണങ്ങളെ മറച്ചു നിർത്തുവാൻ രാഷ്ട്രീയ സംവിധാനങ്ങൾക്ക് ഒരു മടിയുമില്ല.


പാടങ്ങളൊഴിഞ്ഞ കേരളം, വേനൽ മഴക്കുറവിനാലും മറ്റും വെന്തുരുകുമ്പോൾ  സർക്കാർ സംവിധാനങ്ങൾ നീർത്തട സംരക്ഷണ ശ്രമങ്ങളെ  തമസ്കരിക്കുവാൻ ഒട്ടും മടികാണിക്കുന്നില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment