വൃത്തിയാക്കൽ പദ്ധതി തുടങ്ങിയിട്ട് ഒന്നര ദശകം കഴിഞ്ഞിട്ടും വൃത്തിയാക്കാതെ തിരുവനന്തപുരത്തെ കനാലുകൾ




നഗരത്തിലും തൊട്ടടുത്ത 10 പഞ്ചായത്തുകളിലും കൂടി ഏകദേശം 17 ലക്ഷം ആളുകള്‍ താമസിക്കുന്ന തിരുവനന്തപുരം പ്രദേശത്തിന്റെ (Trivandrum Urban Agglomertion) പ്രധാന നദികള്‍ നെയ്യാര്‍, കരമന, വാനപുരവുമാണ്. 6 തടാകങ്ങള്‍: വേളി, കഠിനംകുളം, അഞ്ചുതെങ്ങ്,കാപ്പില്‍, അകത്തും മുറി, ഇടവ . ഇവക്കൊപ്പം വെള്ളായണി ശുദ്ധജല തടാകവും തിരുവനന്തപുരത്തിനെ ജലാ സമൃദ്ധമാക്കി.   


തലസ്ഥാന നഗരിയുടെ പ്രധാനപ്പെട്ട കനാലുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണി കഴിയിപ്പിച്ച AVM , TS  (പാര്‍വതി പുത്തനാര്‍)എന്നിവയാണ്. AVM കനാല്‍ കോവളം മുതല്‍ കുളച്ചല്‍,പൂവ്വാര്‍, നാഗര്‍കോവില്‍ വരെയും അവിടെ നിന്നും കന്യാകുമാരി വരേയും ഒഴുകണം എന്നായിരുന്നു ധാരണ.(നൂറ്റാണ്ടു കഴിഞ്ഞിട്ടും പദ്ധതി കന്യാകുമാരി വരെ എത്തിയില്ല)TS കനാല്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ നീളുന്ന ജലപാതയാണ്. അതിന്‍റെ ഒരു ഭാഗമാണ് പാര്‍വതി പുത്തനാര്‍. നഗരത്തിന്‍റെ സാമ്പത്തിക രംഗത്തും വെള്ളത്തിന്‍റെ ഒഴുക്കിനും മലിനജലം ഒഴുകി മാറുന്നതിനും ഇതു സഹായകരമായിരുന്നു.എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍   പ്രതിസന്ധിയില്‍ എത്തി എന്ന് ആരും സമ്മതിക്കും. നഗരത്തിലെ ജല ശ്രോതസായി പ്രവര്‍ത്തിക്കുന്ന അരുവിക്കര തടാകവും അതിനു മുകളില്‍ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമും കരമന നദിയുടെ ഒഴിക്കിനെ നിയന്ത്രിച്ച്‌ നഗരത്തിനു വെള്ളം നല്‍കുവാന്‍ സഹായിച്ചു വരുന്നു.


നഗരത്തിനുള്ളില്‍ ഒഴുകുന്ന വെള്ളം തെക്കേ, ആമയഴിജ്ഞന്‍, ഉള്ളൂര്‍ കനാലുകളിലൂടെ ഒഴുകി ആക്കുളം കായലിൽ എത്തിയിരുന്നു. തെക്കേ കനാല്‍ നഗരത്തിന്‍റെ തെക്ക് ഭാഗത്തെ കരിമനം കോളനിയില്‍ നിന്നും തുടങ്ങി പാര്‍വതി പുത്തനാറില്‍ ചേരും. ആമയഴിജ്ഞന്‍ തോടിന്‍റെ ആദ്യ ഭാഗമായ പഴവങ്ങാടി തോട് തമ്പാനൂര്‍, ചാല മുതലായ സ്ഥലങ്ങളിലെ പരമാവധി അഴുക്കുകള്‍ പേറി ഒഴുക്ക് നിലച്ച അവസ്ഥയില്‍ ആണ്. അത് കണ്ണമ്മൂലയില്‍ എത്തി ഉള്ളൂര്‍ തോടില്‍ ചേരുന്നു. ഉള്ളൂര്‍ തോട് പോത്തന്‍കോട് നിന്നും ആരംഭിച്ചു. പട്ടം തോട്, കുടപ്പന കുന്നില്‍ നിന്നും ഒഴുകി കണ്ണംമൂലയില്‍ എത്തി ആമയഴിജ്ഞന്‍ തോടിനോടൊപ്പം ലയിക്കുന്നു.


കഴക്കൂട്ടം ഗ്രാമത്തില്‍ കൂടി കടന്നു പോകുന്ന തെറ്റിയാറിന്‍റെ അവസ്ഥയും പരിതാപ കരമാണ്. പാങ്ങപ്പാറ തോട് കാര്യവട്ടം, കഴകൂട്ടം ഏരിയയില്‍ കൂടി ഒഴുകി വരുന്നു. കൈമനം തോട് കൈമനം ഭാഗത്ത്‌ നിന്നും ഒഴുകി കരമനയാറ്റില്‍ പതിക്കും. ആമത്തറ, കൂരി തോട്, വട്ടകായാല്‍ തോട് എന്നിവയാണ്  നഗരത്തിലെ മറ്റു ചാലുകള്‍. പാര്‍വതി പുത്തനാറിലേക്ക് 36 ചാലുകള്‍ എത്തുന്നു. കടലിന് സമാന്തരമായി ഇടയാറില്‍ നിന്നും തുടങ്ങി ആക്കുളത്ത് എത്തുന്ന ഈ കനാല്‍ നഗരത്തിലെ മഴവെള്ളം  ഒഴുകി മാറുവാന്‍ ഒരു കാലത്ത് പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ നാളുകളില്‍ ഒഴുക്കുണ്ടായിരുന്ന ഇത്തരം കനാലുകളെ കുളിക്കുവാന്‍ നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു. ഇന്നിവ വെള്ളം പോലും കാണുവാന്‍ കഴിയാത്ത തരത്തിൽ  മാലിന്യ കൂമ്പാരമാണ്. ഇത്തരം അവസ്ഥയിലേക്ക് ചാലുകള്‍ മാറി തീര്‍ന്നതിന് ജനങ്ങളുടെ തെറ്റായ സമീപനവും  കൈയേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും പാവപെട്ടവരുടെ ജീവിത സാഹചര്യവുമാണ് കാരണങ്ങൾ.


100 വാര്‍ഡുകളും ഓരോ വാര്‍ഡിനും 2500 നടത്തു വീടുകളുമായി ഇന്നു തിരുവനന്തപുരം നഗരത്തിൽ 10  ലക്ഷം ജനങ്ങള്‍ താമസിക്കുന്നു. അടിസ്ഥാന സൌകര്യങ്ങളെ ഒരു വശത്ത് അവഗണിച്ചു കൊണ്ട്, വികസനത്തെ പറ്റി  വാചാലമാകുന്ന രീതിയാണ് ഭരണ കർത്താക്കൾ തുടരുന്നത്. മറ്റൊരു വശത്ത് നിയമങ്ങളെ വെല്ലു വിളിച്ചു നിര്‍മ്മാണങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗന അനുവാദം നല്‍കുന്നു.സമ്പന്നരുടെ ബിസ്സിനസ്സ് താല്പര്യങ്ങള്‍ക്കായി നിയമങ്ങളെ കാറ്റില്‍ പറത്തുവാന്‍ മടിക്കാത്ത സര്‍ക്കാരും , ത്രിതല പഞ്ചായത്തുകളുടെ സമീപനങ്ങളും  നഗരങ്ങളെ അനാരോഗ്യ ഇടങ്ങളാക്കി.  ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ,വളരുന്ന തിരുവനന്തപുരത്തിന്‍റെ ഒരോ മുക്കും മൂലയും പരിശോധിച്ചാല്‍ മതിയാകും. കൊച്ചിയിലെ മരടില്‍ പൊളിക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച കെട്ടിട നിര്‍മ്മാണങ്ങളില്‍ സര്‍ക്കാരും  രാഷ്ട്രീയ നേതാക്കള്‍ ഓരോത്തരും നല്‍കിയ സംഭാവനകള്‍ ആരേയും ആലോസപെടു ത്തുന്നില്ല. കോഴിക്കോട് നഗരത്തിലൂടെ ഒഴുകുന്ന കനോലി കനാല്‍ മാലിന്യ കൂമ്പാരമായി  മാറിയപ്പോള്‍ അവിടേയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദരായിരുന്നു. 


കഴിഞ്ഞ കുറവേ വര്‍ഷമായി തുടരുന്ന കരമന,കിള്ളിയാര്‍ മുതലായ  കനാല്‍ വൃത്തിയാക്കലുകള്‍  ലക്‌ഷ്യം കാണാത്തത്തിനുള്ള കാരണങ്ങള്‍ നഗര ആസൂത്രണ ത്തിലെ പാളീച്ചകള്‍ തന്നെ. കഴിഞ്ഞ ദിവസവും ജനകീയ സമിതികള്‍ സഹകരിച്ചു കൊണ്ട്  മാലിന്യ മുക്ത കനാലുകള്‍ എന്ന പദ്ധതിയുടെ ഭാഗമായി ആമഴിജ്ഞന്‍ തോട് വൃത്തിയാക്കല്‍ നടന്നു .പദ്ധതികൾ വിജയിക്കണമെങ്കില്‍ സര്‍ക്കാരും കോര്‍പ്പറേഷനും ജനങ്ങളും നദികളുടെ സ്വതന്ത്രമായ ഒഴുക്കിനു തടസ്സം നില്‍ക്കുന്ന എല്ലാ സംവിധാനങ്ങളേയും ഒഴിവാക്കുവാന്‍ തീരുമാനിക്കണം. കൈയേറ്റങ്ങള്‍, അഴുക്കുകള്‍ നിക്ഷേപിക്കല്‍, ഓടകള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കല്‍, എല്ലാത്തിനു മുപരി നദികളെയും അവയുടെ കൈവരികളേയും സംരക്ഷിക്കുവാന്‍ പ്രത്യേകം നിയമങ്ങളും അത് നടപ്പിലാക്കലും. ഇത്തരം ഗൗരവതരമായ തീരുമാനങ്ങളിലേക്കെ ത്തുവാൻ  കഴിയാത്ത  ഏതു തരം പരിശ്രമങ്ങളും  ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വരും.    

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment