ഡൊണാൾഡ് ട്രമ്പിൻ്റെ പരാജയം ഉറപ്പാക്കുവാൻ എന്തുകൊണ്ട് പരിസ്ഥിതി ലോകം ബാധ്യസ്ഥതമാണ് ? - ഭാഗം 1 




അമേരിക്കൻ തെരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ രണ്ടാം സംവാദത്തിൽ ഇന്ത്യയെ പറ്റിയുള്ള ശ്രീ. ഡൊണാൾഡ് ട്രമ്പിൻ്റെ പരാമർശം അദ്ദേഹത്തിൻ്റെ പരിസ്ഥിതി ലോകത്തോടുള്ള ഇരട്ടത്താപ്പിനുള്ള തെളിവായിരുന്നു. കഴിഞ്ഞ 4 വർഷത്തെ ഭരണം തന്നെ പരിസ്ഥിതി രംഗത്ത് അമേരിക്ക (പാരീസ് സമ്മേളനത്തിൽ) കൈകൊണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള തിരിച്ചു പോക്കായി മാറി. റിയോഡി ജനീറയിലും (1992) ക്യോട്ടോ ഉടമ്പടിയിലും(1997) അമേരിക്ക കൈകൊണ്ട നിലപാടുകളെയും കടത്തി വെട്ടുന്ന മറ്റൊരു അമേരിക്കൻപ്രസിഡൻ്റ് ആയി ഇന്നത്തെ രാഷ്ട്രപതി  മാറിക്കഴിഞ്ഞു. 92 ലും 97 ലും ഇന്ത്യയെയും ചൈനയെയും കുറ്റപ്പെടുത്തുവാൻ തയ്യാറായ അമേരിക്ക, പരിസ്ഥിതി വിഷയത്തിൽ മുഖം തിരിച്ചു നിൽക്കുവാൻ മടിച്ചില്ല. അതുകൊണ്ട് തന്നെ സാർവ്വ ദേശീയമായി പരിസ്ഥിതി രംഗത്ത് ഒത്തൊരുമയോടുള്ള മുന്നേറ്റമുണ്ടായില്ല. അമേരിക്കയുടെ നിലപാടിലേക്ക് ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും കൂട്ടിനെത്തി. ഹരിത വാതക ബഹിർ ഗമനത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന നിലപാടിൽ നിന്നും യാഥാർത്ഥ്യത്തോടടുത്തു നിൽക്കുന്ന പൊതു ധാരണയിലേക്ക് 2015ലെ പാരീസ് സമ്മേളനത്തെ എത്തിക്കുന്നതിൽ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ ക്രിയാത്മകമായ പങ്കു വഹിച്ചതായി പിൽക്കാലത്തു കാണുവാൻ കഴിഞ്ഞു.

പരിസ്ഥിതി മാറ്റത്താൽ കൂടുതൽ തിരിച്ചടി നേരിടുന്ന രാജ്യങ്ങളിൽ പെട്ട ഇന്ത്യ, ബ്രസീൽ, ഫിലിപ്പെയ്ൻസ്, ബംഗ്ലാദേശ്, തായ്‌ലൻ്റ്, ഹെയ്ത്തി, കോംഗോ തുടങ്ങിയ വരെ സാങ്കേതികമായും മറ്റും സഹായിക്കുക. തകർന്നു കൊണ്ടിരിക്കുന്ന കാടുകളെയും ജലാശയങ്ങളെയും പൂർവ്വ സ്ഥിതിയിൽ കൊണ്ടുവരുവാൻ സാമ്പത്തിക  പിൻ തുണ നൽകുക. വ്യവസായ വിപ്ലവത്തിനു ശേഷമുണ്ടായ അന്തരീക്ഷ ഊഷ്മാവിലെ വർധന ഇനി എങ്കിലും പരമാവധി 2 ഡിഗ്രിയിൽ താഴെ നില നിർത്തുക. സുസ്ഥിര വികസനത്തിലൂടെ മാത്രം പുതിയ വികസന ലോകത്തെ പറ്റി ചിന്തിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ 5 വർഷത്തിനു മുൻപ് പാരീസിൽ വെച്ച് ചർച്ച ചെയ്തു തീരുമാനിച്ചു. അതിനായി പ്രതി വർഷം 2020 വരെ 22000 കോടി രൂപ വീതവും അതിനു ശേഷം100 ബില്യൺ ഡോളറും (7.3 ലക്ഷം കോടി രൂപ) വികസിത രാജ്യങ്ങൾ പ്രതി വർഷം കണ്ടെത്തി, പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ  സാമ്പത്തികമായി സഹായിക്കുവാൻ 196 രാജ്യങ്ങൾ ഒരുമിച്ചു തീരുമാനിച്ചു.


1997ലെ ക്വോട്ടോ ഉടമ്പടിയിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുവാൻ രാജ്യങ്ങൾക്ക്  ബാധ്യതയുണ്ട് എന്നു പറഞ്ഞിരുന്നു. അതു നടപ്പിലാക്കുവാനായി രാജ്യങ്ങളെ നിർബന്ധിക്കുവാൻ ഐക്യരാഷ്ട്ര സഭയുടെ (The United Nations Framework Convention on Climate Change (UNFCCC )) സമിതിക്ക് സമ്മേളനം അധികാരം നൽകിയില്ല. എന്നാൽ 2015ലെ പാരീസ് സമ്മേളന തീരുമാനങ്ങൾ നടപ്പിൽ കൊണ്ടുവരുവാൻ (മുൻ കാലാവസ്ഥാ കോൺഫ്രൻസിൽ നിന്നു വ്യത്യസ്ഥമായി), UNFCCC നെ ചുമതലപ്പെടുത്തി. ഓരോ രാജ്യവും കൈകൊള്ളേണ്ട ഉത്തരവാദിത്തങ്ങളെ സമയബന്ധിമാക്കി. 2020 മുതൽ 10000 കോടി ഡോളർ (7.3 ലക്ഷം കോടി രൂപ) പ്രതിവർഷം സമ്പന്ന രാജ്യങ്ങളിൽ നിന്നു കണ്ടെത്തി, ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളെ സഹായിക്കുവാൻ തീരുമാനിച്ചു. അതിൽ അമേരിക്കക്കും മറ്റു സമ്പന്ന രാജ്യങ്ങൾ ക്കും നിർണ്ണായക ചുമതല നൽകിയിരുന്നു.ബറക്ക് ഒബാമയുടെ നേതൃത്വം ഇതിനൊക്കെ സഹായകരമായ നിലപാടുകൾ കൈ കൊണ്ടു. 


പാരീസ് സമ്മേളനത്തിലെ Article 28 പ്രകാരം കരാർ നിലവിൽ വന്ന നവംബർ 6, 2016 നു ശേഷം 3 വർഷം കഴിഞ്ഞാൽ കോൺഫറൻസ് കരാറിൽ നിന്നു പിൻവാങ്ങുവാൻ രാജ്യങ്ങൾക്കു നാേട്ടീസ് നൽകാം. ഒരു വർഷം കഴിഞ്ഞാൽ 2020, നവംബർ 4 ന് കരാറിൽ നിന്നു പുറത്തു കടക്കാം. അമേരിക്കയുടെ ഇന്നത്തെ പ്രസിഡൻ്റ് , 2017 ജൂൺ 1 ന് പാരീസ് സമ്മേളനത്തിൽ അമേരിക്ക നൽകിയ ഉറപ്പിൽ നിന്ന് പിൻ വാങ്ങുമെന്ന് ലോകത്തെ അറിയിച്ചു (Paris Agreement on  climate change mitigation). അതു പ്രകാരം 2020 നവംബർ 4ന് അമേരിക്കൻ ഐക്യനാടിന് ലോക പരിസ്ഥിതി സമ്മേളനത്തിൽ നൽകിയ ഉറപ്പിൽ നിന്നും പുറത്തു വരാൻ കഴിയും. അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നവംബർ 3ന് പൂർത്തീകരിക്കുമ്പോൾ, തെരഞ്ഞെടുക്കപ്പെടുന്നത് ശ്രീ ഡൊണാൾഡ് ട്രമ്പാണെങ്കിൽ പാരീസ് സമ്മേളന തീരുമാനങ്ങൾ അട്ടിമറിക്കപ്പെടും എന്നുറപ്പാണ്. 


കഴിഞ്ഞ 4 വർഷത്തിനടയിൽ അമേരിക്കയിൽ നിലവിലുണ്ടായിരുന്ന 70 പരിസ്ഥിതി സംബന്ധിയായ നിയമങ്ങളെ നിരുത്സാഹപ്പെടുത്തിയ നിലവിലെ ഭരണ കർത്താവ്, 26 നിയമങ്ങളുടെ മുകളിൽ കൈവെച്ചു കൊണ്ടിരിക്കുന്നു. കാലാകാലമായി ഐക്യ നാട്ടിൽ ഉണ്ടായിരുന്ന പ്രകൃതി സുരക്ഷയെ മുൻ നിർത്തിയുള്ള സർക്കാർ മേൽ നോട്ടവും കൂടി ഇല്ലാതായാൽ എന്തായിരിക്കും ലോക കാലാവസ്ഥയിലുണ്ടാകുന്ന തിരിച്ചടി ?   


അമേരിക്കയുടെ 59 ആ മത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രമ്പ് വീണ്ടും തെരഞ്ഞെടുത്താൽ അത് ലോക പരിസ്ഥിതി രംഗത്തിന് വലിയ ഭീഷണിയായിരിക്കും ഫലം.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment