ഉറവകൾ പോലും വറ്റുന്നതിനിടയിലെ ജലദിനം




സംസ്‌ഥാനത്ത്‌ ചൂട്‌ ഗണ്യമായി കൂടുകയും നദീ തീരങ്ങളില്‍പോലും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുന്നതിനിടയിലാണ്‌ ലോക ജല ദിനം എത്തിയത്‌. പ്രതിവര്‍ഷം 3000 മി. മീറ്ററിലധികം മഴ ലഭിക്കുന്ന കേരളം ജലക്ഷാമത്തിന്റെ പിടിയിലായികഴിഞ്ഞു. മൂന്നു ദശാബ്‌ദങ്ങള്‍ക്കു മുൻപ് വരെ ശുദ്ധ ജലം സുലഭമായിരുന്ന മദ്ധ്യതിരുവിതാംകൂര്‍ രൂക്ഷമായ ജലക്ഷാമത്തെയാണ്‌ ഇപ്പോള്‍ നേരിടുന്നത്‌.


മഹാപ്രളയസമയത്ത്‌ 20 അടിയിലധികം ഉയരത്തില്‍ വെള്ളം നിറഞ്ഞൊഴുകിയ സ്‌ഥലങ്ങളില്‍ പോലും ഇപ്പോള്‍ കിണറുകള്‍ വറ്റിയിരിക്കുന്നു. നദികളും കൈവഴികളും നീര്‍ത്തടങ്ങളും നെല്‍വയലുകളും എല്ലാം നശിപ്പിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തിക്‌തഫലമാണ്‌ ഇന്ന്‌ അനുഭവിക്കുന്ന ജലക്ഷാമം.


വറ്റി വരണ്ട്‌ പമ്പയും മണിമലയും അച്ചന്‍ കോവിലും
സംസ്‌ഥാനത്തെ പ്രശസ്‌തമായ പമ്ബ, മണിമല, അച്ചന്‍കോവില്‍ എന്നീ മൂന്നു നദികളും കക്കാട്ടാറ്‌, കല്ലാറ്‌ എന്നീ പോഷകനദികളും ഇരുപതില്‍പരം ഇടത്തരം ജലപ്രവാഹങ്ങളുമുള്ള ജില്ലയാണ്‌ പത്തനംതിട്ട. ഈ നദികളെല്ലാം വറ്റിയിരിക്കുന്നു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള അവശിഷ്‌ട ജലം ഒഴുകിവരുന്നതിനാല്‍ പമ്ബാനദിയില്‍ നേരിയ തോതില്‍ നീരൊഴുക്ക്‌ ഉണ്ട്‌. 


പക്ഷേ തീരപ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്നു. പ്രളയകാലത്ത്‌ ഒഴുകി വന്ന ചെളിയും മണലും പൊടിയും കലര്‍ന്ന മിശ്രിതം തീരപ്രദേശങ്ങളിലെല്ലാം മഴവെള്ളം താഴോട്ടിറങ്ങാന്‍ കഴിയാത്ത വിധം ഉറച്ച പ്രതലം രൂപപ്പെടുത്തിയതിനാല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്‌.


കാര്‍ഷീക വിളകള്‍ക്ക്‌ നാശം വാഴ, ചേമ്ബ്‌ തുടങ്ങിയ വാര്‍ഷിക വിളകളോടൊപ്പം ജാതി, മാംഗുസ്‌തി, തെങ്ങ്‌ തുടങ്ങിയ ദീര്‍ഘകാല വിളകളും ഉണങ്ങുന്നു. പൊതുകുളങ്ങളും, ജലാശയങ്ങളും നിര്‍മിച്ച്‌ ജലശേഖരണത്തിന്‌ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികൃതരും തയാറായിട്ടില്ല.


വേനലിന്റെ തുടക്കത്തില്‍ തന്നെ വറുതിയിലായിരിക്കുന്നത്‌ പോയവര്‍ഷം സംസ്‌ഥാനത്ത്‌ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പ്രദേശ്‌നങ്ങളാണ്‌. നദീതട സംരക്ഷണങ്ങളില്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ മാത്രമേ ഇതിനു മാറ്റം ഉണ്ടാക്കാന്‍ കഴിയു. പമ്പാ നദീതടത്തിലെ നീര്‍ത്തടങ്ങളും പോഷക നദികളും കൈവഴികളും പുനരൂജ്‌ജീവിപ്പിക്കണം. ഏറ്റവും നല്ല ജലസംഭരണികളായ നെല്‍പ്പാടങ്ങള്‍ കൃഷിയോഗ്യമാക്കുകയും വേണം. 


നദീതീരങ്ങള്‍ അളന്നുതിരിച്ച്‌ ആറ്റുപുറമ്ബോക്കുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നിയമാനുസൃതം ഏറ്റെടുക്കണം. പ്രളയ ശേഷം പമ്ബാതീരങ്ങളില്‍ നിയമവിരുദ്ധമായി സ്വകാര്യ വ്യക്‌തികള്‍ വ്യാപകമായി കൈയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. പുറമ്ബോക്കു ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതും പതിവായിരിക്കുന്നു. ജലസുരക്ഷയ്‌ക്ക് അവിഭാജ്യ ഘടകമായ സ്വാഭാവിക ജലസ്രോതസുകള്‍ സംരക്ഷിക്കുവാനുള്ള ഇച്‌ഛാശക്‌തിയാണ്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപന സ്‌ഥാപനങ്ങള്‍ക്കും സംസ്‌ഥാന ഗവണ്‍മെന്റിനും ഉണ്ടാകേണ്ടത്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment