സേതുവിന്റെ സമരം ; പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി




കിളിമാനൂർ എ.കെ.ആർ ക്വാറി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നല്കാൻ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ക്വാറിക്കെതിരെ സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സേതുവിൻറെ ഭാര്യ ബിന്ദു സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. ബിന്ദുവിന്റെ പരാതിയെ തുടർന്ന് കമ്മീഷൻ ക്വാറിയും സേതുവിൻറെ വീടും സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ അളവ്,  ഉടമസ്ഥത, സ്കെച്ച് എന്നിവ സംബന്ധിച്ച റിപ്പോർട്ടും, രേഖകളും സമർപ്പിക്കാനും, ക്വാറിയുടെ പ്രവർത്തനം കൊണ്ട് സമീപത്തെ മനുഷ്യജീവനും വീടുകൾക്കും അപകടമുണ്ടാവുമോ എന്ന് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാനുമാണ് തിരുവനന്തപുരം ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരിക്കുന്നത്. ജൂൺ 20 നാണ് കമ്മീഷൻ സേതുവിൻറെ വീടും എ.കെ ആർ ക്വാറിയും സന്ദർശിച്ചത്. സേതുവിനൊപ്പം സമീപവാസികളും ക്വാറി മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കമീഷനെ ധരിപ്പിച്ചിരുന്നു. 

 


കഴിഞ്ഞ വർഷമാണ് കിളിമാനൂർ തോപ്പിൽ പ്രവർത്തിക്കുന്ന എ.കെ.ആർ ക്വാറിയിൽ നിന്ന് പാറ തെറിച്ച് സേതുവിൻറെ വീടിന് മുകളിലേക്ക് വീണത്. വീടിന് മുകളിൽ കളിച്ച് കൊണ്ടിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാറക്കഷ്ണം തിരികെ എടുത്ത് കൊണ്ട് പോകാനെത്തിയ ക്വാറി മാഫിയ സംഘത്തെ എതിർത്തതിന് സേതുവിൻറെ ഭാര്യ ബിന്ദുവിനെയും മക്കളെയും ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സേതു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. ഇതിനിടെ ആത്മഹത്യ സമരത്തിന് ശ്രമിച്ച സേതുവിനെ ജയിലിൽ അടക്കുകയും അവിടെ നിന്ന് മാനസിക രോഗാശുപത്രിയിൽ അടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് സേതുവിനെ മോചിപ്പിക്കാനായത്. 

 

ഇതിനിടെ പട്ടികജാതി കമ്മീഷൻ അദാലത്തിൽ സേതുവിൻറെ ഭാര്യ ബിന്ദു നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ കമ്മീഷൻ നടപടി ഉണ്ടായിരിക്കുന്നത്. ക്വാറി ഉടമകൾക്കെതിരെ കേസെടുക്കുക, ക്വാറി അടച്ച് പൂട്ടുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സേതു അറിയിച്ചു. 

 

ജയിൽവാസം, മാനസികരോഗാശുപത്രിയിൽ പീഡനം ; ക്വാറിക്കെതിരെ സമരം ചെയ്ത ദളിത് യുവാവിന് സർക്കാർ നൽകിയ സമ്മാനം : സേതു സംസാരിക്കുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment