അതിരപ്പിള്ളിയിലെ ജൈവ വൈവിധ്യത്തെ തകർക്കുന്നത് സർവ്വനാശത്തെ വിളിച്ചുവരുത്തും - ഭാഗം 2




തോണി യാത്ര സത്യാഗ്രഹം തുടങ്ങിയ വ്യത്യസ്ഥമായ സമര രീതികളുമായി അതിരപ്പിള്ളി പദ്ധതിക്കെതിരെ ജനങ്ങൾ ഡോ ലതയുടെയും, ശ്രീ എസ് പി രവിയുടെയും മറ്റനേകം പരിസ്ഥിതി സ്നേഹികളുടെയും നേതൃത്ത്വത്തിൽ മുന്നോട്ടു നീങ്ങി. ബഹു കേരളാ ഹൈക്കോടതിയിൽ റിട്ടുകളുമായി പദ്ധതിയെ നേരിട്ടു. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് സമർപ്പിച്ച പരിസ്ഥി ആഘാത റിപ്പോട്ടിലെ ന്യൂനതകൾ നിയമപോരാട്ടത്തിലൂടെ പുറത്തു കൊണ്ടുന്നു. പിന്നിട് പൊതു മേഖലാ സ്ഥാപനമായ WAPCOS നെ ഏൽപ്പിച്ചെങ്കിലും പല നടപടി ക്രമങ്ങളും പാലിക്കാതെ റിപ്പോർട്ട് നൽകിയെന്നാരോപിച്ച് പഞ്ചായത്തും, ഗിരി വർഗ്ഗക്കാരും റിപ്പോർട്ടിനെതിരെ  കേരളാ ഹൈക്കോടതിയെ സമീപിച്ചു.


ഇതിനിടയിൽ മേധാപട്ക്കറുടെ ഇടപെടലും സമരത്തിന് പുതിയ ആവേശമായി. കേന്ദ്ര മന്ത്രി യായിരുന്ന ശ്രീ ജയറാം രമേശ് ആതിരപ്പിള്ളിയെ മറ്റൊരു സയലൻറ് വാലിയായി ഉപമിച്ചു. അദ്ധേഹമത് മാധവ് ഗാഡ്ഗിലിൻറ പരിഗണനയ്ക്കായി വെച്ചു. ഇവിടെ ശ്രദ്ധേയമായത് ഗാഡ്ഗിൽ റിപ്പോർട്ടാണ്. പശ്ചിമ ഘട്ടത്തിലെ അതി തീവ്ര ലോല പ്രദേശമായ സോൺ ഒന്നിൽ വരുന്നതാണീ പ്രൊജക്ടെന്നും യാതൊരു പ്രവർത്തനവും നടത്താൻ പാടില്ലെന്നും റിപ്പോർട്ട് ചെയ്തു.


ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർക്കുവാൻ ചമച്ച കസ്തൂരി രംഗൻ റിപ്പോർട്ട് പദ്ധതിക്ക് അനുമതി കൊടുത്തില്ലെങ്കിലും വൈദ്യുതി ബോർഡിനോട് പുതിയ ക്ളിയറൻസിന് സമീപിക്കുവാൻ പറഞ്ഞു. ബോർഡിൻറ പദ്ധതിയുമായി മുന്നോട്ടുള്ള പ്രയാണത്തിനെതിരെ വലിയ പ്രതിഷേധങ്ങളും  സമരങ്ങളുമായി വർഷങ്ങൾ മുന്നോട്ടുപോയി നിലവിലുണ്ടായിരുന്ന പാരിസ്ഥിതിക അനുമതി 2017 ൽ അവസാനിച്ചു. പ്രതിഷേധങ്ങളും അവസാനിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സർക്കാർ അതുമായി മുന്നോട്ടു നീങ്ങിയില്ല. 


പൊതുവെ നിശബ്ദമായ ഈ കോവിഡ് കാലത്ത്  പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന സർക്കാറിൻറ പ്രതീക്ഷയാണ് വലിയ പ്രതിഷേധത്തിന് വീണ്ടും കാരണമായത്. കഴിഞ്ഞ രണ്ടു പ്രളയത്തിന്റെ പാഠവും ഇവർ പഠിക്കുന്നില്ല. നിയമ നിർമ്മാതാക്കൾ എങ്ങനെ ഭരണ ഘടനയുടെ സ്വത്ത്വം തങ്ങളുടെ സ്വാർത്ഥതയ്ക്കായി മറയ്ക്കുന്നു. 


ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ ലോക ജൈവവൈവിധ്യ കൺവെൻഷനിൽ ഒരു അംഗമാണ്. ലോകത്തെ മെഗാ ഡൈവേഴ്സിറ്റി രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. നമ്മുടെ ഭരണ ഘടനയുടെ 48A അനുഛേദം പരിസ്ഥിതി, വന വന്യ മൃഗ സംരക്ഷണവും പരിപാലവും നിർദ്ധേശിക്കുന്നു. മാത്രമല്ല പൗരൻറ കടമയെ കുറിച്ചു പ്രതിപാദിക്കുന്ന 51A(g) പ്രകൃതി സംരക്ഷണവും പരിപാലനവും നമ്മുടെ കർത്തവ്യ മെന്നു മാത്രമല്ല ജീവികളോട് സഹാനു ഭൂതി വേണമെന്നും നിർദ്ദേശിക്കുന്നു. 


ഇവയുടെയെല്ലാം ആധാരത്തിലാണ് വ്യത്യസ്തമായ പരിസ്ഥിതി നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളത്. ഇവയെല്ലാം മറന്നുള്ള മനുഷ്യൻറ പ്രകൃതിയ്ക്കു മേലുള്ള കടന്നു കയറ്റത്തെ ഭരണഘടനയുടെ 21ാം അനുഛേദത്തെ ആസ്പദമാക്കി എം സി മേത്താ കേസിൽ റോമൻ സിദ്ധാന്തമായ ഡോക്ട്രിൻ ഓഫ് ദ  പബ്ളിക് ട്രസ്റ്റ് എന്ന ആശയത്തെ ഉൾക്കൊണ്ട് ഇന്ത്യൻ ഭരണഘടനയെ സുപ്രീം കോടതി വ്യാഖ്യാനിച്ചത്. പുഴകളും,കടലോരങ്ങളും  മലകളുമടങ്ങുന്ന പ്രകൃതി വിഭവങ്ങൾ ഒരാളുടെതല്ല (res nullious) മറിച്ച് പൊതുവായുള്ളതാണ് (res communious). അതിനാൽ അവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. 
വികസനവും പരിസ്ഥിതിയും ഒന്നിച്ചു പോകില്ലെന്ന പരമ്പരാഗത വാദത്തെ മറികടന്നത് സുസ്ഥിര വികസനം എന്ന 1972 ലെ സ്റ്റോക്ഹോം വിളംബരത്തെ ഉദ്ധരിച്ചുകൊണ്ടുള്ള വിധിയാണ് വെല്ലുർ സിറ്റിസൺ ഫോറം കേസിൽ സുപ്രീം കോടതി മുന്നോട്ടുവെച്ചത്. പ്രകൃതി പരിമിതമാണ്. അതിനാൽ ഉപഭോഗം വരും തലമുറയെ കൂടി കണക്കിലെടുക്കണം എന്ന് സന്ദേശം ബഹുകോടതി നൽകി. 
മറ്റൊരു ശ്രദ്ധേയമായ വിധിയെന്നു പറയാവുന്നത് ജല്ലിക്കെട്ട് കേസിലേതാണ്. മനുഷ്യ കേന്ദ്രീകൃത (anthro pocentaric) മല്ല മറിച്ച് പരിസ്ഥിതി കേന്ദ്രീകൃത (eco centric) നയമാണ് വേണ്ടതെന്ന ഗോധവർമ്മൻ തിരുമുൽപ്പാട് കേസിലെ വിധിക്കാസ്പദമായ സിദ്ധാന്തമാണ് ജല്ലിക്കെട്ടു കേസിൽ ബഹുമാനപ്പെട്ട കോടതിയെടുത്തത്. മൃഗങ്ങളുടെ ജീവിക്കുവാനുള്ള അവകാശമാണിവിടെ കോടതി ചർച്ചചെയ്യുന്നത്. 


ഇന്ത്യൻ ഭരണഘടന പോലും പരിസ്ഥിതി സൗഹൃദമാണെന്ന് ഇതുപോലുള്ള ധാരാളം വിധികളിലൂടെ കോടതികൾ ആണയിട്ടു പറയുമ്പോൾ  ഇതുൾക്കൊള്ളാതെ, ഇതിനു ഒഴിവെന്നോണം പല നിയമങ്ങൾ നിർമ്മിക്കുകയും, കൂടാതെ നിലവിലെ പല നിയമങ്ങളിലെയും പ്രകൃതി സംരക്ഷണത്തിനുള്ള പല നിയമപരമായ നിയന്ത്രണങ്ങളും നിയമ ഭേദഗതികളിലൂടെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. കച്ചവട താത്പര്യങ്ങൾ സംരക്ഷിക്കുവൊൻ സെസ്സുകൾ വരുന്നു. അവിടെ പല ഇളവുകളും നൽകുന്നു. ഖനനവുമായി ബന്ധപ്പെട്ട് മൈനർ മിനറൽ, ജിയോളജി നിയമങ്ങൾ, നീർത്തട സംരക്ഷണ നിയമം, തീരദേശ സംരക്ഷണ നിയമം എന്നീ നിയമങ്ങളിൽ അടുത്തകാലത്ത്  വന്നിട്ടുള്ള ഭേദഗതികളിൽ നിന്നും നമുക്കീ കാപട്യം മനസിലാക്കാം. പുതിയ ദുരന്തനിവാരണ നിയമം ഇന്ന് പുഴകളിലെ അനിയന്ത്രിത മണൽ വാരലിന് പച്ചകൊടി കാണിക്കുന്നത് ഇപ്പോൾ നമുക്ക് കാണാവുന്നതാണ്. 


ഈ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിതന്നെ നാൽപതു വർഷം മുൻപത്തെതാണ്. അന്നത്തെതിൽ നിന്നും പരിസ്ഥിതിയ്ക്ക് വലിയ ശോഷണം സംഭവിച്ചിട്ടുണ്ട്. നാൽപ്പതു വർഷത്തെ ഉത്പാദന ചിലവല്ല ഇന്നു വരിക മാത്രമല്ല പദ്ധതി കഴിയുമ്പോഴേക്കും വർഷങ്ങളെടുക്കും. നിലവിൽ നമുക്കുള്ള ജല വൈദ്യുത പദ്ധതികളിൽ നിന്നും പൂർണ്ണമായ ഔട്ട് പുട്ട് ലഭിക്കുന്നില്ല. പല ജനറേറ്ററുകളും കേടുവന്നു കിടക്കുന്നു. അവ കാര്യക്ഷമമാക്കട്ടെ. ഉദ്ധേശ്ശം അറുപതോളം ചെറുകിട ജലവൈധ്യുത പദ്ധതികൾ എങ്ങുമെത്താതെ ഭാഗികമായി കിടക്കുന്നു. ഇന്ന് കേരളത്തിൽ വൈദ്യുതി ക്ഷാമമില്ല നമുക്ക് ധാരാളം വൈദ്യുതി കുറഞ്ഞ വിലയ്ക്ക്  സ്വകാര്യമേഖലയിൽ നിന്നു പോലും ലഭിക്കുന്നുണ്ട്. എന്നാൽ നിലവിൽ ലഭ്യമായ വിലയേക്കാൾ ഏകദേശം ഇരട്ടിയിലധികം വരും ഈ പദ്ധതി പ്രാവർത്തിക മാകുമ്പോഴേക്കുമുള്ള ഇവിടുന്ന് ലഭ്യമാകുന്ന  യൂണിറ്റ് വൈദ്യുതിയുടെ വില. നിലവിലെ വൈവ്യുതി വിതരണത്തിലെ ചോർച്ച പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. സൗരോർജ്ജം,കാറ്റിൽ നിന്നും വൈദ്യുതി, വേസ്റ്റിൽ നിന്നും വൈദ്യുതി തുടങ്ങിയ നവീന ഊർജ്ജ സ്രോതസ്സുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണു വേണ്ടത്. ഇപ്പോൾ തന്നെ തങ്ങളുൽപ്പാദിപ്പിക്കുന്ന സൗരോർജ്ജ വൈദ്യുതി വ്യക്തികൾക്ക് വൈദ്യുതി ബോർഡിനു നൽകുവാനുള്ള സംവിധാനം വരെയായി. പരിസ്ഥിതി സൗഹൃദമായ ഊർജ്ജ ഉറവിടങ്ങൾ കണ്ടെത്തുകയും അവയ്ക്കുള്ള പ്രോത്സാഹനങ്ങൾ കൊടുക്കുകയുമാണ് വേണ്ടത്. അല്ലാതെ ശേഷിച്ച പ്രകൃതിയെ കൂടി നശിപ്പിക്കുന്ന ഇത്തരം പദ്ധതികൾ വരും തലമുറയുടെ നിലനിൽപ്പിനെ കൂടി ബാധിക്കുന്നതായിരിക്കും ഫലം.


എല്ലാം വെട്ടിപ്പിടിച്ചു എന്നഹങ്കരിച്ചിരുന്ന നാം നമ്മുടെ തന്നെ സൃഷ്ടിയായ രണ്ടു പ്രളയം വന്നപ്പോൾ നിസ്സഹാരായി തളർന്നു വീണവരാണ്. അതിൽ നിന്ന് പതുക്കെ കാലുറപ്പിച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ, അതിനേക്കാൾ ഭീകരമായ കോവിഡിന്റെ മുൻപിൽ തോൽവി സമ്മതിച്ച് എല്ലാ വാതിലുകളും കൊട്ടിയടച്ച് നമ്മിലേക്കു തന്നെ ഒതുങ്ങേണ്ടി വന്നു. നാമറിയാതെ തന്നെ നമ്മുടെ സൃഷ്ടിയെ അഥവാ മാതാവിനെ തേടിയാത്രയായി. നഗ്ന പാദരായി ആയിരകണക്കിന് കിലോമീറ്ററുകൾ ഇന്ത്യൻ ജനത നീങ്ങിയതു കണ്ടു. മലയാളികളും വിവിധ കോണുകളിൽ നിന്നും തിരിച്ച് സ്വന്തം മാതൃത്വത്തിലഭയം തേടുവാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. ആധുനിക ഷോപ്പിങ്ങ് മാളുകളിലും, ഫാസ്റ്റ് ഫുഡ്ഡുകളിലും മാത്രം ശീലിച്ച മലയാളി കൈക്കോട്ടും പിക്കാസുമെടുത്ത് മണ്ണുഴുത് പ്രകൃതിയെ കണ്ടെത്തി. സത്യത്തിൽ പ്രകൃതിതന്നെ നമുക്ക് പ്രകൃതിയെ തിരിച്ചറിയാനുള്ള സാഹചര്യം ഒരുക്കിത്തന്നതല്ലേ? അതിനിയും മനസിലാക്കാതെയാണ്  നാം വീണ്ടുമീ നശീകരണത്തിനിറങ്ങുന്നത്. അതിനിയും മനസിലാക്കിയാൽ നന്ന്. നമ്മൾ പലതും പഠിക്കാൻ മിടുക്കരാണ്. പക്ഷേ പഠിച്ചത് എല്ലാം മറക്കാതിരിക്കുക. 


ഇതിനെതിരെ സമൂഹം ഉണർന്നേ പറ്റൂ. നാളെയുടെ നിലനിൽപ്പിനായ്, സുരക്ഷിതമായ ഭാവി തലമുറയുടെ അതിജീവനത്തിനായ്, വികസനത്തിൻറ ഒരു പരിസ്ഥിതി കേന്ദ്രീകൃത നയം രൂപപ്പെടുത്തുവാൻ. മനുഷ്യൻറ ആഗ്രഹങ്ങൾ നിവർത്തിക്കുവാൻ പ്രകൃതിയ്ക്കു കഴിയും, എന്നാൽ അത്യാഗ്രഹം നിറവേറ്റുവാനതിനു കഴിയുകയുമില്ല ' എന്ന മഹാത്മജിയുടെ വചനം ഇവിടെ പ്രസ്കതമാണ്.


(അവസാനിച്ചു)


ഒന്നാം ഭാഗം വായിക്കാൻ: http://greenreporter.in/main/details/adv-rajesh-vengalil-writes-on-athirapally-bio-diversity-1592646118

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment