ഖനന നിയമങ്ങൾ നോക്കുകുത്തിയാകുന്ന കേരളം - 2




ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സംസ്ഥാനത്തെ യഥാര്‍ത്ഥ്യങ്ങള്‍ സര്‍ക്കാര്‍ പറയുന്നതല്ല. പശ്ചിമ ഘട്ടത്തിന്റെ ലോലസ്ഥലങ്ങള്‍ മുതല്‍ ഡാമുകള്‍, ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, സംരക്ഷിത മേഖലകള്‍ മുതലായ ഇടങ്ങളില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ഖനനങ്ങള്‍ തുടരുകയാണ്. വ്യവസായ വകുപ്പ് പരമാവധി ഒത്താശകള്‍ ചെയ്തു വരുന്നു. കേരള/കേന്ദ്ര നിയമങ്ങളെ വെല്ലുവിളിച്ചു നടത്തുന്ന ഖനനങ്ങള്‍ അമ്പൂരി, കൊഴിഞ്ഞം പാറ, പോത്തുകല്ല്,കവളപ്പാറ പോലെയുള്ള ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടി.62 മുതല്‍ 2000 വരെയുള്ള ഉരുള്‍ പൊട്ടലുകള്‍ 100ല്‍ താഴെയായിരുന്നു. ഇപ്പോഴാകട്ടെ ജില്ലകള്‍ തോറും 100 ലധികം നടക്കുന്നു.


മധ്യ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 2438 ക്വാറികളുടെ വിസ്തൃതി 3610 ഹെക്ടര്‍ വരുന്നു എന്ന് കേരള വന ഗവേഷണ സ്ഥാപനം പറയുന്നു, . തെക്കന്‍ കേരളത്തില്‍ 1969 ഇടങ്ങളിലായി 1871 ഹെക്ടറിലും വടക്കന്‍ കേരളത്തില്‍ 1675 ഹെക്ടറില്‍ 1517 ഓളവും നിയമങ്ങളെ വകവെക്കുന്നില്ല. മൊത്തം 7520 ച.ഹെക്ടറില്‍ നടക്കുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളില്‍, 10 ഹെക്ടറിലധികം വിസ്താരത്തില്‍ 73 എണ്ണവും 20 ഹെക്ടറിലധികം വലിപ്പത്തില്‍ 19 എണ്ണവുമുണ്ട്. കൂടുതല്‍ ഖനനം നടക്കുന്ന പാലക്കാട്ട് 867, രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 771 ഖനന കേന്ദ്ര ങ്ങള്‍ മറ്റു ജില്ലകളെ പോലെ നിയമങ്ങള്‍ക്കതീതമാണ്. സര്‍ക്കാര്‍ പറയുന്നത് പാലക്കാട് 76, എറണാകുളത്ത് 120 ഉം മാത്രമാണുള്ളത്. (2019 നിയമ സഭാ റിപ്പോര്‍ട്ട് ). ഭാരതപ്പുഴയുടെ നദീതടത്തില്‍ 940 പാറ പൊട്ടിക്കല്‍ കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ മുവാറ്റുപുഴയുടെ തടത്തില്‍ അവയുടെ എണ്ണം 627 ആണ്. നീരുറവകളുടെ അടുത്തായി 96% ഖനനം നടക്കുന്നു. സുരക്ഷിത വനത്തില്‍ (Protected forest) 79 ഖനനങ്ങള്‍, റിസര്‍വ്വ് വനത്തില്‍ 1378 എണ്ണം.ഇങ്ങനെഒക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍.


പശ്ചിമ ഘട്ടത്തിന്റെ നിര്‍ണ്ണായ ഇടങ്ങളായി Western Ghats Ecological Expert (WGEEP) എന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഖനനം (ESZ 2 ല്‍ 2016കൊണ്ട്) നിര്‍ത്തി വെക്കണം എന്നു സൂചിപ്പിച്ചു. ESZ 1 ല്‍ ഖനനം പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അവിടങ്ങളില്‍ അധികൃത/ അനധികൃത ഖനനങ്ങള്‍ തുടരുകയാണ്..Panel പരാമര്‍ശിച്ച ESZ 1 ല്‍ 1486 ഖനനങ്ങളും ESZ 2 ല്‍ 169 ESZ 3 ല്‍ 1667 ക്വാറിംഗ് നടക്കുന്നു. High Level Working group (കസ്തൂരി രംഗന്‍) ഒഴിവാക്കണം എന്നു പറഞ്ഞ ഇടങ്ങളില്‍ ഖനനങ്ങള്‍ 655 ആണ്.


കേരളത്തില്‍ 13.06.2007 മുതല്‍ ഖനനത്തിന് 100 മീറ്റര്‍ ദൂരപരിധി എന്ന തീരുമാ നത്തെ 20/7/2011ല്‍ എല്ലാ ക്വാറികള്‍ക്കും ബാധകമാക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ 6/8/2014ല്‍ ദൂരം 50 മീറ്ററാക്കി ചുരുക്കുകയായിരുന്നു. 2016 ലെ പിണറായി സര്‍ക്കാര്‍ ദൂരം 100 മീറ്ററായി ഉയര്‍ത്തിയ ശേഷം, 10/10/2017 ല്‍ പഴയ 50 മീറ്റര്‍ ദൂരത്തിലെക്കു മടങ്ങിപോകുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു. കേരള മലിനീകരണ ബോര്‍ഡ് 50 മീറ്റര്‍ അകലത്തില്‍ ഖനനങ്ങള്‍ അനുവദിക്കുമ്പോള്‍, അതിന്റെ ഭാഗമായി ഖനനരംഗത്തു കൈ കൊള്ളേണ്ട 14 മുന്‍ കരുതലുകളെ പറ്റി ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.


ശാസ്ത്രീയമായ ഖനന രീതികള്‍ മാത്രമെ വലംബിക്കാവൂ, മൈനിംഗ്-ജിയോളജി വകുപ്പിനെ ശക്തിപ്പെടുത്തുക, ഖനന ലൈസന്‍സ്സ് ദീര്‍ഘകാലത്തെക്ക് അനുവദിക്കുക, മൈനിംഗ് പ്ലാനുകള്‍ വിശദമായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് ഉണ്ടാകണം. മൈന്‍ മാനെജരുടെ സാനിധ്യത്തിലെ ഖനനം നടത്താവു.(Certified by Directo rate General of Mines Safety), വെള്ളം നനച്ച തുരക്കല്‍ മാത്രം നടത്തണം. (Wet Drilling), ഖനനം നടത്തുന്ന ആള്‍ ലൈസന്‍സ്സിന്റെ കോപ്പി Directorate General of Mines Safetyക്കു നല്‍കണം. അത്തരത്തില്‍ 14 നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം ഖനനങ്ങള്‍ നടത്തേണ്ടത് എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്നു.


പതിമൂന്നാം, പതിനാലാം കേരള നിയമസഭാ പരിസ്ഥിതി സമിതികളുടെ കണ്ടെത്തലുകള്‍ സംസ്ഥാനത്തെ ഖനന രംഗം വളര്‍ത്തി എടുത്ത മാഫിയ ബന്ധങ്ങളുടെ സ്വാധീനം വ്യക്തമാക്കി. അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നു വ്യക്തമാണ്. ഖനനങ്ങള്‍ക്ക് കുറഞ്ഞത് 200 മീറ്റര്‍ ദൂര പരിധി,പാറ പൊട്ടിക്കുവാന്‍ Non Electric Detonator സംവിധാനം, 20 അടിയില്‍ താഴെ കുഴിക്കരുത്, കുഴികള്‍ക്ക് ബഞ്ച് കട്ടിംഗ്, ഖനനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പേപ്പറുകളില്‍ ഒതുങ്ങി. അവയെ കണ്ടില്ല എന്നു നടിക്കുവാന്‍ പഞ്ചായത്തു ഭരണക്കാരും നിയമസഭാ സാമാജികരും മന്ത്രിസഭയും ഉദ്വോഗസ്ഥ ലോകവും ഭഗീരഥ പ്രയത്‌നത്തിലാണ്. എല്ലാത്തിനും സഹായകരമായി രാഷ്ട്രീയ / മത / ജാതി നേതാക്കള്‍ രംഗത്തുണ്ട്. ഗുണഭോക്താക്കളാകുവാന്‍ ആയിരം മാത്രം വരുന്ന ഖനന / നിര്‍മ്മാണ വ്യക്തികളും / സ്ഥാപനങ്ങളും.


ഒരു ചതുരശ്ര കി.മീറ്ററിനുള്ളില്‍ 405 പേര്‍ താമസിക്കുന്ന രാജ്യത്തിന്റെ പൊതുവായ ഖനന അനുമതി ജനവാസദൂരത്തിനും 500 മീറ്ററിനു പുറത്താണ്. 859 മനുഷ്യര്‍ ഒരു ച.കിലോ മീറ്ററിനുള്ളിലുള്ള കേരളത്തില്‍, ഖനനം 50 മീറ്ററിനകലെ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം ചോദിക്കുകയും അതില്‍ 200 മീറ്റര്‍ ദൂരം എന്ന ദേശീയ മലിനീകരണ ബോര്‍ഡ് നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു. 2020 ജൂലൈ 21 ലെ തീരുമാനത്തെ സംസ്ഥാനത്തെ 32 ഖനന കരാറുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. അവിടെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പഴയപടി ആവര്‍ത്തിച്ചു. ഖനനക്കാരുടെ അവകാശത്തെ സാധൂകരിക്കുവാന്‍ കേരള ഗവ. നടത്തിയ ശ്രമത്തിലൂടെ, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഖനന യൂണിറ്റുകള്‍ തുടരാം, പുതിയ യൂണിറ്റുകള്‍ക്ക് 200 മീറ്റര്‍ ദൂരം (സ്‌ഫോടനം നടത്തി കൊണ്ടുള്ളവക്ക്)എന്ന് കോടതി പറഞ്ഞു. പ്രസ്തുത വിധിയെ സുപ്രീം കോടതിയില്‍ ഖനി മുതലാളിമാര്‍ ചോദ്യം ചെയ്തപ്പോള്‍ അവിടെയും കേരള സര്‍ക്കാര്‍, വികസനത്തിനായി ഖനനം 50 മീറ്ററിലാകാം എന്ന് വാദിച്ചിരിക്കുന്നു. ഇനി ഈ മാസം 29നാണ് കേസ് സുപ്രിംകോടതിയില്‍ വരുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ അധികാരത്തെയും ചോദ്യം ചെയ്യുവാന്‍ കരാറുകാരും സര്‍ക്കാരും ശ്രമിക്കുകയാണ്.ആരുടെ താല്‍പ്പര്യങ്ങളെയാണ് കേരള സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നതെന്നു വ്യക്തം.


2018,19 ലെ വെള്ളപ്പൊക്കം വരുത്തിവെച്ച ആയിരത്തോളം മരണങ്ങള്‍, 50000 കോടി രൂപയുടെ നഷ്ടം, കൊറോണ ഉണ്ടാക്കിയ1.75 ലക്ഷം കോടിയുടെ സാമ്പ ത്തിക ചുരുക്കം തുടങ്ങിയവ കേരളത്തെ പ്രതിസന്ധിയിലെത്തിച്ചു. കടം വര്‍ധിച്ചു. പദ്ധതികള്‍ അവതാളത്തിലായി.10000 ത്തില്‍ കുറയാത്ത ഖനന യൂണിറ്റുകളില്‍ നിന്ന് 12 മാസങ്ങള്‍ക്കിടയില്‍ 30 കോടി ടണ്ണില്‍ കുറയാത്ത പാറകള്‍ പൊട്ടിച്ച് കടത്തുന്നവര്‍ 70000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപയുടെ പ്രകൃതി വിഭവങ്ങള്‍ കച്ചവടം ചെയ്യുന്നു.സര്‍ക്കാരിന് പരമാവധി ലഭിക്കുന്നതാകട്ടെ (ത്രിതല പഞ്ചായത്തു മുതല്‍) വര്‍ഷം പ്രതി 200കോടിയും. ഖനിജങ്ങളെ പൊതു ഉടമസ്ഥതയില്‍ എത്തിച്ച്, വില പകുതി കുറച്ചാല്‍ തന്നെ കാല്‍ ലക്ഷം കോടിയുടെ അധിക വരുമാനം നാടിന് ഉണ്ടാകും. ഖനനത്തെ നിയന്ത്രിക്കാം, സമാന്തര സാമ്പത്തിക ലോകത്തെ പരിധിയില്‍ കൊണ്ടു വരാം, പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടും. പക്ഷെ കേരള ദേശത്തെ കടലെടുത്താലും മലകള്‍ അടര്‍ന്നു വീണ് മലയാള നാട് ഉടഞ്ഞാലും മലകള്‍ തുരക്കുന്നവര്‍ക്കും കുളം നികത്തുന്നവര്‍ക്കും കടല്‍ വറ്റിക്കുന്നവര്‍ക്കും മരങ്ങള്‍ വെട്ടുന്നവര്‍ക്കുമായി കേരളത്തെ മുറിവേല്‍പ്പിക്കുമെന്ന് നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

 

ഒന്നാം ഭാഗം വായിക്കാൻ: http://greenreporter.in/main/details/mining-laws-and-kerala-1623662339
 


(ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് ഇ.പി അനിൽ ദി ക്രിറ്റിക്കിന് വേണ്ടി എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിച്ചത്)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment