ദേശാടന പക്ഷികളുടെ കൂട്ടക്കൊല ; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു




മലപ്പുറത്ത് പക്ഷികളെ കൂട്ടക്കൊല ചെയ്ത വില്ലേജ് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പക്ഷികൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികളും കൂട്ടായ്മയിൽ അണി നിരന്നു. കഴിഞ്ഞ ദിവസം ചങ്ങരംകുളം  ആലംകോട് വില്ലേജ് ഓഫീസ് പരിസരത്തെ മരങ്ങൾ അപ്രതീക്ഷിതമായി മുറിച്ച് മാറ്റിയതിനെ തുടർന്ന് മരങ്ങളിലെ കൂടുകളിൽ ഉണ്ടായിരുന്ന നൂറിലധികം ദേശാടന പക്ഷിക്കുഞ്ഞുങ്ങൾ മരിക്കുകയും, എൺപതിലധികം മുട്ടകൾ പൊട്ടുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെയോ മറ്റു അധികാരികളുടെയോ അനുമതി തേടാതെയായിരുന്നു മരംമുറി. പക്ഷികൾ കാഷ്ടിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു കണ്ണില്ലാത്ത ഈ ക്രൂരത വില്ലേജ് ഓഫീസ് അധികൃതർ നടപ്പിലാക്കിയത്. 

 

രാവിലെ കുഞ്ഞുങ്ങളെ കൂട്ടിലാക്കിയ ശേഷം തീറ്റ തേടിപ്പോയ പക്ഷികൾ വൈകുന്നേരം തിരികെയെത്തിയപ്പോൾ മരവും കൂടും ഇല്ലാതായി, പൊട്ടിയ മുട്ടകളും, മരിച്ച കുഞ്ഞുങ്ങളും മാത്രമായത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. മൂന്ന് മാസം മാത്രമാണ് ഈ ദേശാടനപ്പക്ഷികൾ ഇവിടെ കൂട് കൂട്ടുന്നത്. അവയെയാണ് കാഷ്ഠത്തിന്റെ പേര് പറഞ്ഞു കൊന്നൊടുക്കിയത്. ദേശാടന പക്ഷികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഈ കൂട്ടക്കുരുതി സർക്കാർ ഉദ്യോഗസ്ഥർ തന്നെ ചെയ്തത്. 

 

സംഭവത്തിൽ ഫോറസ്റ്റ് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മയിൽ ഈ വിഷയം ഒതുങ്ങില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും വരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചങ്ങരംകുളത്തെ പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു. 
 

Read Also : മലപ്പുറത്ത് നൂറുകണക്കിന് ദേശാടനപക്ഷികളെ കൂട്ടക്കൊല ചെയ്തു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment