പ്രളയത്തിൽ നിന്ന് സുസ്ഥിരതയിലേക്കുള്ള ദൂരങ്ങൾ




പ്രബുദ്ധ  കേരളത്തിന്റെ  ശോഭകെട്ടു വരുന്നു എന്ന് നമ്മളില്‍ പലരും പരിഭവിക്കാറുണ്ട്. എന്നാല്‍ നന്മയുടെ കേരളം അതിന്‍റെ തനിമ,നിര്‍ണ്ണായക ഘട്ടത്തിൽ ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. വെള്ളപൊക്കത്താൽ  ദുരിതമനുഭവിച്ച ജില്ലകളിലെല്ലാം ആശ്വാസ പ്രവര്‍ത്തനത്തിനു മുന്നില്‍ നിന്നത് നാട്ടുകാരും മത്സ്യ തൊഴിലാളികളും പോലിസ് അഗ്നിശമന സംവിധാനവും പട്ടാളവും ആയിരുന്നു. ഇവിടെ ഒരു നാട്, ഒറ്റ ലക്ഷ്യത്തെ മാത്രം ധ്യാനിച്ചുകൊണ്ട്  ഒരൊറ്റ മനസ്സോടെ ഒന്നിച്ചു. നേവിക്കാർ 2346 പേരേയും പട്ടാളം 15000, പൊലീസ് 53000 ആളുകളെയും രക്ഷപെടുത്തി. 600 ബോട്ടുകളിലായി കുറഞ്ഞത്‌ ഒരു ലക്ഷം പേരെ  കരക്കെത്തിച്ചത് മത്സ്യ തൊഴിലാളികളായിരുന്നു. ഇവരുടെ എല്ലാവരുടെയും സേവനങ്ങള്‍ വിവരണാതീതമാണ്.  നമ്മുടെ കടലിന്‍റെ മക്കളുടെ രക്ഷാ ശ്രമങ്ങള്‍ പൊങ്ങച്ച കേരളത്തിനുള്ള അവരുടെ മറുപടി കൂടിയായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.    

       

99 നുശേഷമുള്ള  ഇന്നത്തെ പ്രളയ ദുരിതങ്ങൾ  കൂടുതൽ കുഴപ്പം പിടിച്ചതായി മാറിക്കഴിഞ്ഞു.  അന്നത്തെ മഴ  ഇടുക്കി,എറണാകുളം, തൃശൂര്‍ മുതലായ ജില്ലകളെ പ്രധാനമായി  തകര്‍ത്തു. എന്നാല്‍ ആഗസ്റ്റ്‌ 1 മുതല്‍ 19 വരെ അവസാനിച്ച ഈ വർഷത്തെ  മഴ (2346mm) 99 ലെ മഴയുടെ പകുതി മാത്രമാണ് (4630mm) എങ്കിലും ആഘാതം എത്രയോ വലുതായിരിക്കുന്നു. എന്തുകൊണ്ടാണ് വിപുലമായ സാങ്കേതിക സൗകര്യങ്ങൾ ഉണ്ട് എങ്കിലും ദുരന്തത്തിന്റെ തീവൃത കൂടിയത് ?( മരണസംഖ്യ ഒഴിച്ചു നിർത്തിയാൽ )

 

വെള്ളം ഇറങ്ങി തുടങ്ങിയ സാഹചര്യത്തില്‍ വീടുകള്‍, കിണറുകള്‍ വൃത്തിയാക്കല്‍, കുടിവെള്ളം, വൈദ്യുതി, ശൗചാലയം പുനസ്ഥാപിക്കല്‍ ഒക്കെ സാങ്കേതിക സഹായം വേണ്ടി വരുന്ന  നടപടികളാണ്. അവിടെ ആവശ്യമായ  സഹായമെത്തിക്കുവാൻ  സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയും. ഈ രംഗത്ത് യുവജനങ്ങളുടെ കൂട്ടായ പ്രയത്നം ഉണ്ടാകുവാന്‍ സംഘടനകള്‍ ദേശിയ തലത്തില്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. അവരെ പ്രാഥമിക ട്രെയിനിംഗിലൂടെ, പ്രാദേശികമായ ആളുകളുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ എത്തിക്കണം. ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നിർവഹിക്കേണ്ടതുണ്ട്.

 

അഴിമതിക്ക് ഏറ്റവും അധികം സാധ്യതയുള്ളത് ദുരിതാശ്വാസകാലമാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ അവസരങ്ങൾ  91% എന്ന തോതിലാണ് എന്നു കാണാം. അതില്‍ 54% അധികാര ദുര്‍വിനിയോഗം ആണെങ്കില്‍ 34% നേരിട്ടുള്ള പണം കൈമാറ്റമാണ്. ഹെയ്ത്തിയിലെ ഭൂമി കുലുക്കവും അനുബന്ധ പ്രകൃതി ക്ഷോഭവും ആ നാടിനെ നാമാവശേഷമാക്കി. രക്ഷക്കെത്തിയ പണം FIFA യുടെ ഉപ മുഖ്യന്‍ സ്വന്തം നിക്ഷേപത്തിലേക്ക്   (7.5 ലക്ഷം ഡോളര്‍ ) മാറ്റിയെടുത്തു. RED Cross 6 വീട് നിര്‍മ്മിച്ച്‌ നല്‍കിയിട്ട് അര കോടി ഡോളര്‍ ചെലവു കാണിച്ചു. ഹെയ്ത്തി സമസ്ത രംഗത്തും തകര്‍ന്നു വീഴുന്നതായി  ഭൂകമ്പ പൂര്‍വ്വ കാലത്ത് കാണാം. 25% ആളുകളും പരമ ദരിദ്രരുടെ പട്ടികയിലെത്തി. വന നശീകരണവും അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും ഹെയ്ത്തിയെ തകർത്തു. ജമ്മുവിലെ 2013 വെള്ളപൊക്കം  43000 കോടി യുടെ നഷ്ടം ഉണ്ടാക്കി.കേന്ദ്രം അനുവദിച്ച തുക നാമ മാത്രമായിരുന്നു. കേരളത്തിന് ഇത്തരം അവസ്ഥകള്‍ ഉണ്ടാകില്ല എന്ന് കരുതാം.         


 

പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായ  നാശനഷ്ടങ്ങള്‍ സമൂഹത്തിൽ വരുത്തുന്ന തുടര്‍  ചലനങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കാര്‍ഷിക രംഗം മുതല്‍ തീര്‍ഥാടനം വരെയുള്ള രംഗങ്ങളില്‍ തിരിച്ചടികള്‍ ഉണ്ടാക്കും. ദുരന്തത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന ഓരോ രൂപയുടെ നഷ്ടവും  7 മുതല്‍ 10 ഇരട്ടിവരെ തിരിച്ചടികള്‍ ഉണ്ടാക്കും എന്നാണ് സാമ്പത്തിക രംഗം പറയുന്നത്. 

 

കേരളം എങ്ങനെ ഈ ദുരന്തത്തെ നേരിടും?  ദുരന്തം വര്‍ദ്ധിപ്പിച്ചതിന് പിന്നിൽ  ആരൊക്കെയാണ് നേരിട്ടും അല്ലാതെയും പ്രവര്‍ത്തിച്ചവര്‍? നമ്മുടെ നിയമങ്ങള്‍ അതിനെ സഹായിച്ചുവോ ?

 


പ്രകൃതി വിഭവങ്ങള്‍ വന്‍ തോതില്‍ അടര്‍ത്തിമാറ്റി, രൂപഭേദം നടത്തി കൊള്ളകള്‍ നടത്തുന്നവരെ പ്രകൃതി ദുരന്ത നിവരണയഞ്ചത്തില്‍ സംഭാവനകള്‍ തരുന്നവരുടെ പട്ടികയില്‍ പെടുത്തി മാത്രം പരിഗണിച്ചാല്‍ മതിയോ ? അത്തരക്കാരുടെ സാമ്പത്തിക സാമ്രാജ്യത്വത്തിന്‍റെ ഉത്തരവാദിത്തം ഗാന്ധിജി പറഞ്ഞു വന്ന  (trustyship ) അടിസ്ഥാനവുമായി ബന്ധിപ്പിക്കുവാന്‍ എങ്കിലും ഇടതുപക്ഷ സര്‍ക്കാരിനു  കഴിഞ്ഞില്ല എങ്കില്‍ ?

 

മറ്റൊരു കേരളം മാത്രമാണ് പോംവഴി. ആരായിരിക്കണം മാറേണ്ടവർ ? പുതിയ കേരളം കെട്ടി പടുക്കുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പശ്ചിമഘട്ടവും അതിന്‍റെ സംരക്ഷണവും നെല്‍പാടങ്ങളുടെ സുരക്ഷ, നദികളെ ഒഴുകുവാന്‍ അനുവദിക്കല്‍, കായല്‍ പരപ്പുകൾ, കടല്‍ തീരങ്ങൾ തുടങ്ങി നമ്മുടെ വികസന നിലപാടുകൾ  പുനപരിശോധിക്കുവാനുള്ള  സമയം അതിക്രമിച്ചിരിക്കുന്നു.  

 

3.3 കോടി മലയാളികളുടെ ദുരന്തം കേരളത്തെ ബന്ധപെട്ട് ജീവിക്കുന്ന നിരവധി ആളുകളെയും ബുദ്ധിമുട്ടില്‍ എത്തിച്ചിട്ടുണ്ട്.നാടിന്റെ സാമ്പത്തികവും മറ്റുമായ നഷ്ട്ടം നികത്തുവാന്‍ സര്‍ക്കാര്‍ മുന്നില്‍ നിന്നുകൊണ്ടു  കാര്യങ്ങള്‍ തീരുമാനിക്കണം. കേന്ദ്ര സഹായവും സംസ്ഥാനം ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുക്കുന്ന സംഭാവനകളും എന്ന പൊതു നിലപാടുകളാണ് കഴിഞ്ഞ നാളുകളില്‍ നമ്മൾ  സ്വീകരിച്ചു വന്നത് .

 

കേരളത്തിന്‍റെ  രാഷ്ട്രീയ ലോകം  (മറ്റിടങ്ങളെ അപേക്ഷിച്ച്) സംസ്ഥാനത്തിന് പല ഗുണങ്ങളും നല്‍കി എന്നാല്‍  (ഇടതു പക്ഷ രാഷ്ട്രീയ ധാരണകള്‍ക്ക് പുറത്ത് )  ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഏറ്റവും മുന്തിയ  അന്തരമുള്ള സമൂഹമായി നമ്മുടെ നാട് മാറിക്കഴിഞ്ഞു. അതിന്‍റെ ഭാഗമായി രാഷ്യട്രീയ രംഗത്തും പ്രകൃതി , സാംസ്‌കാരിക രംഗങ്ങളിലും വന്‍ തിടിച്ചടിക്ക് കേരളം സാക്ഷ്യം വഹിക്കുകയാണ്. 

 

ഊഹ വിപണിയിലും വിശ്വാസ വ്യവസായം മുതല്‍ ഖനന രംഗത്തും ഭൂവ്യവഹാരത്തിലും എല്ലാം തന്നെ  കൈകൊള്ളുന്ന സമീപനങ്ങള്‍ മെച്ചപെട്ട മഴയെ വന്‍ ദുരന്തമാക്കുവാന്‍ വേണ്ട വിധത്തിൽ ഇടങ്ങൾ ഒരുക്കി. എന്നാല്‍ അതിനൊക്കെ കാരണക്കാരായ തോട്ടം മുതലാളിമാരെയും DLF (സമാന) മുതലാളിമാരെയും ഖനന ഉടമകളയും ഹൈപ്പര്‍-ഷോപ്പിംഗ്‌ മാള്‍,-കൺവൻഷൻ സെൻറർ കോട്ടു ധാരികളെയും രാഷ്ട്രീയ നേതാക്കൾ വികസന ഐക്കണുകളായി  കൊണ്ടുനടക്കുന്ന രീതി  നാട്ടില്‍ വ്യാപകമായത്  ആഗോളവല്‍ക്കരണ രാഷ്ടീയ പശ്ചാത്തലത്തിലാണ്.

 

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനത്തിന്‍റെ (1.44 ലക്ഷം രൂപ) ഏകദേശം 100 ഇരട്ടിയില്‍ അധികം വരുമാനം ഉള്ള ഒരു ശതമാനം  ജനങ്ങള്‍ എങ്കിലും  നാട്ടില്‍ ഉണ്ട്.പ്രകൃതി ദുരന്തം പരിഹരിക്കുവാനുള്ള പ്രയത്നത്തിൽ അവരെ മുഖ്യ പങ്കു വഹിക്കുവാന്‍ ബാധ്യതയുള്ളവരാക്കി മാറ്റണം.

 

സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന വീടുകളുടെ  (425 ച. അടി)  15 ഇരട്ടിക്ക് മുകളില്‍ വലിപ്പമുള്ള  വീടുള്ളവര്‍,മലയാളിയുടെ 20 വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനത്തില്‍ അധികം വിലയുള്ള വാഹനങ്ങള്‍ സ്വന്തമായിട്ടുള്ളവര്‍,  ഖനന വ്യവസായികള്‍, വിദേശ യാത്ര ആവര്‍ത്തിച്ചു ചെയ്യുന്നവര്‍, 
തോട്ടം മുതലാളിമാര്‍, വന്‍ കിട പാട്ടക്കാര്‍, ഉന്നത കരാര്‍ മുതലാളിമാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്-ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌ ഉടമകള്‍, നക്ഷത്ര ഹോട്ടല്‍ വ്യവസായികള്‍, കയറ്റുമതിക്കാര്‍,  പലിശക്കാര്‍, വിദ്യാഭ്യാസ-ആശുപത്രി വ്യവസായികള്‍  അങ്ങനെ കേരളത്തിലെ അതി സമ്പന്നരായ ഒരു ശതമാനം ആളുകളില്‍ നിന്നും (3.3കോടിയുടെ ഒരു ശതമാനം) 5 ലക്ഷം രൂപയെങ്കിലും വെച്ച്  (നിർബന്ധപൂര്‍വ്വം ) cess ലൂടെ സ്വീകരിച്ചാല്‍ ഒരു മാസത്തിനകം 16500 കോടി രൂപ പുനരധിവാസത്തിനു കണ്ടെത്തുവാന്‍ കഴിയും. 


(പാട്ടതുക വർദ്ധിപ്പിക്കൽ ഇവിടെ പരാമർശിക്കുന്നില്ല) അര്‍ഹമായ കേന്ദ്രസഹായം കൂടി നേടിയാല്‍ , വരുന്ന ഒരു മാസത്തിനകം  കേരളത്തിന്‍റെ പ്രകൃതി ദുരന്തം ഉണ്ടാക്കിയ നഷ്ടം പരിഹരിക്കുവാന്‍ കഴിയും. 

 

Cess ഏർപ്പെടുത്തി 10500 കോടി കണ്ടെത്താം എന്ന സർക്കാർ തീരുമാനം വിലക്കയറ്റം ഉണ്ടാക്കും എന്നു വ്യക്തമാണ്.അതിന്റെ ഇരകളാകുന്നവരിൽ വെള്ളപ്പൊക്ക ദുരിതത്തിനിരയായ കേരളത്തിന്റെ 90% ജനങ്ങളും പെട്ടു പോകുന്നു എന്നു പോലും ഓർമ്മിക്കുവാൻ ഈ സർക്കാർ  മറന്നു പോകുകയാണ്.!
നൂറ്റാണ്ടുകൾക്കിടവേളയിലെത്തുന്ന  വൻ  പ്രകൃതി ദുരന്തത്തിന്റെ ആവര്‍ത്തനത്തില്‍ നിന്നും 1000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എന്ന രീതിയില്‍ പ്രതിസന്ധിയെ  മറികടക്കുവാന്‍ ഉതകുന്ന വികസന കാഴ്ച്ച പാടുകള്‍ ഇവിടെ ഉണ്ടാകണം.

 

പശ്ചിമഘട്ടത്തെ തകർത്തു വരുന്ന വനനശീകരണം, ക്വാറി നിയന്ത്രണത്തെ മറികടക്കുന്ന തീരുമാനം, നെൽ വയൽ നികത്തുവാൻ  സംവിധാനം,നദീ കൈയ്യേറ്റം, തീരദേശത്തെ അട്ടിമറിക്കുന്ന സമീപനം ,അനധികൃത കെട്ടിടങ്ങളെ നിയമ വിധേയമാക്കുവാനുള്ള താൽപ്പര്യം മുതലായ വില്ലൻ സമീപനങ്ങൾ സർക്കാർ ഉപേക്ഷിക്കുകയാണ് പുനർനിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ  സർക്കാർ ആദ്യം കൈ കൊള്ളേണ്ടത്. അതിന്റെ തുടർച്ചയായി ജനങ്ങൾ പ്രകൃതിയെ മാനിച്ചു ജീവിക്കുവാൻ തീരുമാനിക്കേണ്ടതുണ്ട്.

 


കാടും ചരിവുകളും അരുവികളും കുളങ്ങളും നെല്‍പാടങ്ങളും കായല്‍ പരപ്പുകളും സ്വശ്ചന്തമായ കടലും ഒക്കെയുള്ള കേരള നാടിനെ മുന്നില്‍ കണ്ടുകൊണ്ട്, പ്രകൃതിയെ മാനിക്കാത്തവരെ കൈകാര്യം ചെയ്യുവാനുള്ള  തീരുമാനങ്ങളിൽ ഉറച്ച് സുസ്ഥിര വികസനത്തിന്റെ നാടാക്കി മലയാളക്കരയെ മാറ്റി തീർക്കേണ്ടതുണ്ട്.

    

2018 വെള്ളപ്പൊക്കം നവകേരള നിർമ്മിതിക്കുള്ള തുടക്കമാകുമെന്ന പ്രതീക്ഷയോടെ Carbon Neutral Kerala 2030 നെ നമുക്ക് സ്വപനം കാണാം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment