മൂന്നാര്‍ മലകളെ കീറി മുറിച്ചു കൊണ്ടുള്ള ഗ്യാപ് റോഡ് യുക്തിയില്ലാമയുടെ ഉദാഹരണം




യുക്തിയും ഉത്തരവാദിത്തവുമില്ലത്തവരായി നമ്മുടെ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഇടുക്കി ജില്ലയിലെ ഗ്യാപ് റോഡുമായി ബന്ധപെട്ടു സംഭവിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ വീതി കൂട്ടലിന്‍റെ ഭാഗമായി മൂന്നാര്‍-ദേവികുളം-ബോഡി ഭാഗത്തെ പരിസ്ഥിതി അതിലോല പ്രദേശങ്ങള്‍ ഇടിച്ചു നിരത്തുവാന്‍ ബന്ധപെട്ടവര്‍ വലിയ താല്‍പര്യം കാട്ടി. സഹ്യ പര്‍വ്വത്തിന്‍റെ മനോഹാരിതയെ ടൂറിസവുമായി ബന്ധിപിച്ചു സംസാരിക്കുന്നവരുടെ കാപട്യം വ്യക്തമാക്കുന്നതാണ് അവിടുത്തെ നിര്‍മ്മാണങ്ങള്‍. മലകളുടെ ചരിവുകളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി അടുത്തറിയാവുന്ന റവന്യൂ - വനം വകുപ്പുകള്‍ നോക്കി നില്‍ക്കെയാണ് മൂന്നാര്‍ മലകളെ കീറി മുറിച്ചു കൊണ്ടുള്ള നിര്‍മ്മാണങ്ങള്‍ ആഘോഷമായി നടക്കുകയാണ്.
 

കേരളത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശത്ത് കൂടി കടന്നു പോകുന്ന റോഡാണ് നേര്യമംഗലം മുതല്‍ അടിമാലി - മൂന്നാര്‍ - ദേവികുളം - ചിന്നകനാല്‍ - ഗ്യാപ് - ആനയിറങ്ങല്‍ - ബോഡി (ഒപ്പം ശാന്തന്‍പാറ-കുമളി) പാത. അതില്‍ ഏറെ വ്യത്യസ്തവും സാഹസികത തോന്നിക്കുന്നതുമായ ഭാഗമായിരുന്നു ഗ്യാപ് റോഡ്‌ ഭാഗം.(കരിങ്കല്ലുകള്‍ നിറഞ്ഞ മലയുടെ അറ്റം പടികണക്കെ വെട്ടി എടുത്ത). അവിടെ ഉണ്ടായിരുന്ന വീതി കുറഞ്ഞ ഒരു വരി പാതക്ക് സമാന്തരമായി Double Decor Road (fly over) അല്ല എങ്കില്‍ മലയില്‍ നിന്ന് തന്നെ പുറത്തേക്ക് ഇരുമ്പ് പൈപ്പുകള്‍  നിരത്തിയോ താഴ്വാരത്തു നിന്നു തൂണുകള്‍ ഉറപ്പിച്ചോ ഒരു വരി പാത കൂടി ഉണ്ടാക്കുവാന്‍ കഴിയുമായിരുന്നു. (ചൈനീസ് മാതൃക). എന്നാല്‍ ദേശിയ റോഡു വികസന ഉദ്യോഗസ്ഥന്മാരും അവരുടെ ഉപദേശകരും റോഡു വീതി കൂട്ടും എന്ന ഒറ്റ വരി നയം നടപ്പിലാക്കുവാന്‍ മുതിര്‍ന്നപ്പോള്‍, തകര്‍ന്നു പോയത് 50 ഏക്കര്‍ കൃഷി ഭൂമിയിരുന്നു. ഒപ്പം ഒരു പ്രദേശത്തിന്‍റെ മൊത്തം സുരക്ഷയും. അതിൻ്റെ പേരിൽ ജനങ്ങൾ സമരം ചെയ്യുവാൻ നിർബന്ധിതമായിരിക്കുന്നു.


ഏറെ സുരക്ഷിതമായ ഒരു മലയും അതിന്‍റെ തണലില്‍ നൂറ്റാണ്ടുകളായി സ്ഥിതി ചെയ്ത ഗ്രാമവും ഇന്നു പ്രതി സന്ധിയില്‍ എത്തി. വന്‍ സ്ഫോടനങ്ങള്‍ പ്രദേശത്തെ പിടിച്ചുലക്കുകയും ജനങ്ങളുടെ പ്രതിഷേധം കനക്കുകയും ചെയ്തപ്പോള്‍ മാത്രം IIT വിദഗ്ധര്‍ എത്തി പഠനങ്ങള്‍ നടത്തുകയായിരുന്നു. അവരുടെ പഠനങ്ങള്‍ നേരത്തെ ഉയര്‍ന്ന പ്രകൃതി സ്നേഹികളുടെ ആകുലതകളെ ശരിവെക്കുകയാണ്.സർക്കാർ സംവിധാനങ്ങൾ എല്ലാത്തിനെയും അവഗണിക്കുകയായിരുന്നു.
 

ഹൈറേഞ്ചു റോഡുകളെ പ്രത്യേകം പരിഗണിച്ചു കൊണ്ടാണ് അതിന്‍റെ നിര്‍മ്മാണങ്ങള്‍ വിവിധ രാജ്യങ്ങളിൽ ആസൂത്രണം ചെയ്യുന്നത്. (നിര്‍മ്മാണങ്ങളില്‍) പ്രകൃതിയെ പരിഗണിക്കാത്തവരെന്ന ദുഷ്പേര്‍ നേടിയ ചൈന പോലും മലകള്‍ ഇടിച്ചിറക്കാതെ, ഇരുമ്പ് തൂണുകളില്‍ തൂക്കു പാലങ്ങളും മറ്റും നിര്‍മ്മിച്ച്‌ പാതകള്‍ ഒരുക്കുകയാണ്.


ലോകത്തെ തന്നെ അത്ഭുത കാടുകളായി കരുതേണ്ട മതികെട്ടാന്‍ ചോലയുടെ (ഷോള വനം) ഓരത്ത് കൂടി കടന്നു പോകുന്ന പ്രസ്തുത ദേശിയപാതക്കായി പൂപ്പാറ മുതല്‍ ബോഡിമേട്ട് വരെയുള്ള ഭാഗത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി മാറ്റി. ഷോലക്കാടുകള്‍ക്ക് ഉണ്ടായ ആഘാതം എത്ര വലുതായിരുക്കും എന്ന് അന്വേഷിക്കുവാനുള്ള താല്‍പര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാട്ടിയിരുന്നില്ല എന്നതാണ് വസ്തുത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment