അയ്യപ്പൻറെ പൂങ്കാവനമായ പെരിയാർ കടുവാ - ആന സങ്കേതം സംരക്ഷിക്കുകയെന്ന  പ്രഥമ ധർമം മറക്കുന്നത് എന്ത്‌കൊണ്ട്? 




925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പെരിയാര്‍ കടുവാസങ്കേതത്തിന്‍റെ നിര്‍ണ്ണായകമായ ഉള്ളറയില്‍ സ്ഥിതി ചെയ്യുന്ന  ശബരിമലയുടെ സ്വന്തം നദിയായ പമ്പയിലെ വെള്ളമൊഴുക്ക്  പടിപടിയായി കുറയുകയാണ് (പ്രതിവര്‍ഷം 8 cm വെച്ച്). 18 മലകൾ കൊണ്ട് ശ്രദ്ധ നേടിയ ശബരിമല കാടുകൾ ശോഷിക്കുന്നു എന്നു തെളിയിക്കുന്നതാണ് പമ്പയുടെ തളർച്ച. നദിയിലെ E.coli bacteria 100 ml വെള്ളത്തില്‍ 3.5 ലക്ഷം എന്ന തോതിലുണ്ട് . (അനുവദിക്കപെട്ട അളവ് 500 മാത്രമാണ്.) ഗംഗയെ പോലെ ഏറ്റവും കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ പേറുന്നു നദികളിളുടെ പട്ടികയിലെ  മുന്‍ പന്തിയില്‍  പമ്പ എത്തിക്കഴിഞ്ഞു. അച്ചന്‍കോവില്‍, മണിമലയാര്‍ നദികളും സമാന ഗതിയിലാണ്.


രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ വെച്ച് നിരവധി പ്രത്യേകതകള്‍ ഉള്ള പെരിയാര്‍ വനത്തില്‍ 8 ലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം എത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംരക്ഷിത മേഖലയിൽ തന്നെയാണ്  ഏറ്റവും കൂടുതൽ  ആനകളെ കാണുവാൻ കഴിയുന്നത്. 


ശബരിമലയിലെ സന്ദര്‍ശകര്‍ 4 കോടിയിലധികമാണ് എന്ന ദേവസ്വം ബോർഡ്വാ ബോർഡ് വാദം തെറ്റാണ് എന്ന് മുൻ ദേവസ്വം കമ്മീഷനർ വ്യക്തമാക്കി.  പതിനെട്ടാം പടിയിലൂടെ കടന്നുപോകുന്ന 24 മണിക്കൂറിനുള്ളിലെ പരമാവധി സന്ദർശകർ 50000 ആണ് .പ്രതിവർഷം 45 ലക്ഷം ആളുകൾ ശബരിമലയിൽ എത്തുന്നതായി കണക്കാക്കാം.


പെരിയാര്‍ കടുവാസാങ്കേതത്തിനും മറ്റു സംരക്ഷിത വനങ്ങള്‍ക്കും എത്ര ആളുകളെ മാത്രമേ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയൂ എന്നുള്ള അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ കാടുകളുടെ സംരക്ഷണത്തിൽ പ്രധാനമാണ്. വനത്തിനുള്ളിലെ തീര്‍ഥാടനങ്ങള്‍ക്ക് Forest Conservation Act, 1980, Wildlife (Protection) Act, 1972 and the Environment Protection Act, 1986 മുതലായ നിയമങ്ങള്‍ ബാധകമാണ് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.


1970 കളില്‍ 4 ലക്ഷം മുതല്‍ 7 ലക്ഷം വരെ അയ്യപ്പന്മാര്‍ വന്നു പോയിരുന്ന അവിടെ മാധ്യമങ്ങളുടെ ഇടപെടൽ സന്ദർശകരുടെ എണ്ണം അതിയായി വർദ്ധിപ്പിച്ചു. പെരിയാർ കടുവാ സങ്കേതത്തിൽ പരമാവധി കടത്തിവിടാവുന്ന സന്ദർശകരുടെ എണ്ണം Reserve വന സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ  പ്രതിദിനം 5000 ആയിരിക്കണം.. അങ്ങനെ എങ്കിൽ  10 മാസങ്ങളിലെ  എല്ലാ ദിവസവും സന്ദർശകരെ അനുവദിക്കുന്നതിലൂടെ 15 ലക്ഷം ഭക്തരിലേക്ക്  ദർശനം നിയന്ത്രിക്കണം. പ്രത്യേക സാഹചര്യം പരിഗണിച്ച് ,പ്രത്യേക മുൻകരുതലുകൾ വരുത്തി കൊണ്ട് ,ഭക്തരുടെ എണ്ണം 50 % കണ്ടു വർദ്ധിപ്പിക്കുവാൻ കഴിയും.


ശബരിമല ക്ഷേത്ര വിഷയത്തെ പരിസ്ഥിതിയുമായി ബന്ധപെടുത്തി കാണുവാന്‍ ഭരണകൂടമോ വിശ്വാസി സമൂഹമോ തയ്യാറല്ല. വരും നാളുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാകണം എന്ന കോടതി-പൊതു സമൂഹ നിലപാടുകള്‍ ശബരിമലയില്‍ കൂടുതല്‍ ആരാധകരെ എത്തിക്കാം. ശബരിമല ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അയ്യപ്പന്റെ പൂങ്കാവനത്തിന്റെ സംരക്ഷണത്തെ ഗുണപരമായി മാറ്റി തീർക്കുവാനുള്ള അവസരമായി മാറ്റണം. സ്ത്രീ പുരുഷ സമത്വ ബോധം പ്രകൃതി സംരക്ഷണ വിഷയം പോലെ പരമ പ്രധാനമാണ്. 


വരും നാളുകളിൽ സ്ത്രീകളുടെ ശബരിമല പ്രവേശനം സാധ്യമാകുന്നതോടെ ഇപ്പോഴത്തേതിനേക്കാൾ ഭക്തർ ശബരിമലയിൽ എത്താം. സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ശബരിമലയിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയും അതുവഴി ഈ വനമേഖലയുടെ സംരക്ഷണം ഉറപ്പ് വരുത്തുകയുമാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളെല്ലാം സ്ത്രീ പ്രവേശനത്തിന്റെ തലയിൽ കെട്ടി വെക്കാനാകും യാഥാസ്ഥിതിക സമൂഹം തുനിയുക.


ശബരിമല വനമേഖല സംരക്ഷിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ് 


ശബരിമലയില്‍ എത്തുന്നവര്‍ വിവിധ ഫീഡർ സ്റ്റേഷനുകൾ വരെ മാത്രം സ്വകാര്യ വാഹനത്തിലും അതിനു ശേഷം പമ്പയിലേക്ക് ദേവസ്വം ബോര്‍ഡിന്‍റെ (KSRTC)യുടെ പൊതു വാഹനത്തില്‍ മാത്രം( zero carbone വാഹനങ്ങള്‍ ) സഞ്ചരിക്കുക.( തിരുമല മാതൃക).


ജൈവ വസ്തുക്കള്‍ മാത്രം കൈവശം വെക്കുവാന്‍ അവസരം. മാലിന്യങ്ങള്‍ വികേന്ദ്രീകൃതമായി സംസ്ക്കരിക്കല്‍.    


പമ്പയുടെ സുരക്ഷക്കായി സന്ദര്‍ശകരെയും ഒപ്പം കച്ചവക്കാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള സൂക്ഷ്മ സ്ഥൂല പദ്ധതികള്‍.


സന്ദര്‍ശകര്‍ക്ക് പ്രതിദിന ക്വാട്ട തീരുമാനിക്കല്‍ / സംസ്ഥാനം തിരിച്ച് / മുൻഗണനാക്രമം (ഹജ്ജ് ,കൈലാസം മാതൃക).


ആദിമവാസികളെ മുന്നില്‍ നിര്‍ത്തിയുള്ള കാട്,വന്യ ജീവി സംരക്ഷണവും ആദിവാസികളുടെ വന അവകാശങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കല്‍. 


നഷ്ടപെട്ട കാടുകള്‍ പുനസ്ഥാപിക്കല്‍, ബഫർ പ്രദേശങ്ങൾ സംരക്ഷിക്കൽ


ശബരിമലയുടെ പവിത്രത ,അവിടുത്തെ കാടുകളുടെയും  അതിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ അയ്യപ്പന്റെ വാഹനമായ കടുവയുടെയും  മറ്റു ജീവികളുടെയും സംരക്ഷണത്തെ മുന്നില്‍ നിര്‍ത്തി ആയിരിക്കണം എന്ന് പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നു.


അയ്യപ്പന്റെ വാഹകരായ  പുലികളില്ലാത്ത 18 മലകളും വരണ്ടുണങ്ങിയ പമ്പയും ശബരീശനുമാത്രമല്ല തെക്കൻ കേരളത്തിന്റെ നിലനിൽപ്പിന്  ഭീഷണിയാണെന്ന് ദേവസ്വം ബോർഡും ഭക്തരും ഇനി എങ്കിലും തിരിച്ചറിയുവാൻ വൈകരുത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment