ബ്രിട്ടീഷ് ഭരണം ബംഗാളിലെ നെയ്ത്തു തൊഴിലാളികളോട് ചെയ്തത് ; കേരള സർക്കാർ വിഴിഞ്ഞത്തെ മൽസ്യ തൊഴിലാളികളോട് ചെയ്യുന്നത്




The British had no mercy for the poor, but talented weavers and they shamelessly engaged in the disdainful act of chopping off their forefathers’ hands in Mushiadabad, Nedia , Bengal.1857. (ഇന്ത്യൻ ഹോളോകോസ്റ്റിനെ പറ്റി എഴുതിയ പുസ്തകത്തിൽ നിന്നും)

 

മസ്സ്ലീൻ നെയ്ത്തിലൂടെ ലോകത്തെ ഞെട്ടിച്ച ബംഗാളിലെ നെയ്ത്തുകാരുടെ കൂട്ടകൊലപാതകത്തിനും പലായനത്തിനും വിധേയമാക്കിയ ബ്രിട്ടീഷ് കാർക്കെതിരെ ഇന്ത്യൻ ജനത നടത്തിയ സമരങ്ങൾ പിൽക്കാലത്ത്  വിജയത്തിൽ എത്തി. .ആ അനുഭവങ്ങൾ ലോകത്തെ ത്രസിപ്പിച്ചു.  പഴയ കോളനി വിരുദ്ധ സമീപനങ്ങൾ ഇന്നും ലോകത്തെ ജിനകീയ സമരങ്ങൾക്കു മാതൃകയാണ്. അവയെ പാടിപുകഴ്ത്തുവാൻ  മടിക്കാറില്ല.

 

കാട് ആരുടെതാണ് എന്ന ചോദ്യത്തിന്  ആരെങ്കിലും ഉടമകളായുണ്ടെങ്കിൽ  ആദിവാസികളുടേത് എന്നു പറയുന്നതാകും ശരി. കടൽ കടലിന്റെ മക്കൾക്കും സ്വന്തമായിരിക്കണം. ഇന്ത്യൻ കടൽ തീരങ്ങളുടെ വിസ്തൃതിയിൽ 7% മാത്രം വരുന്ന കേരളതീരം മത്സ്യസമ്പത്തിന്റെ 20% നൽകുന്നു എന്നു പറഞ്ഞാൽ നമ്മുടെ അറബിക്കടലും മത്സ്യതൊഴിലാളിയും മറ്റു കടൽ തീരങ്ങളെക്കാൾ സമ്പന്നരായിരിക്കുന്നു  എന്നു കരുതാം

 


കപ്പൽ വഴിയുള്ള  വാണിജ്യങ്ങൾ  പ്രതിസന്ധിയിലായിരിക്കെ, കേരളത്തിന്റെ അഭിമാന പദ്ധതി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നഷ്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ഇതറിയാവുന്ന കേരള സർക്കാർ അതിലും ചിലവു കൂടിയതും സമാനമായതുമായ വിഴിഞ്ഞം  പദ്ധതിയുടെ നിറവിലാണ്.  തുറമുഖരംഗത്തെ വിദഗ്ധരല്ലാത്ത, നിരവധി ആരോപണങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടിയ ,അദാനി ഗ്രൂപ്പിനായി 10000 മത്സ്യതൊഴിലാളികൾ പണി ചെയ്യുന്ന വിഴിഞ്ഞം തീരങ്ങളുടെ കൈവശാവകാശം  തീറെഴുതുക അംഗീകരിക്കുവാൻ കഴിയുന്നതല്ല. സംസ്ഥാനത്തിന് വൻ ബാധ്യത വരുത്തി വെക്കുന്ന ( അദാനിക്ക്  ഒരു ലക്ഷം കോടി ലാഭം ഉണ്ടാക്കി നൽകുന്ന ) വിഴിഞ്ഞം പദ്ധതി പശ്ചിമഘട്ടത്തിനും കടൽ തീരങ്ങൾക്കും ദുരന്തം വാങ്ങി തരുന്നു.

 

ഒരു കോടി ടൺ പാറയടുക്കി ഉണ്ടാക്കുന്ന 3.2 കി.മീറ്റർ നിർമ്മാണത്തിന്റെ അഞ്ചിൽ ഒന്നു കഴിഞ്ഞപ്പോൾ തന്നെ (600 മീറ്റർ) കോവളം, വലിയതുറ, ആക്കുളം മുതലായ പ്രദേശങ്ങളിൽ കടൽ കരയെ വിഴുങ്ങി. ഇത്തരം വിഷയങ്ങളിൽ  സർക്കാർ ഒട്ടും വ്യാകുലരല്ല.  ജനങ്ങളുടെ സുരക്ഷക്കോ ഖനന നിയമങ്ങൾക്കോ പരിഗണന നൽകാതെ, വിറങ്ങലിച്ചു നിൽക്കുന്ന പശ്ചിമ ഘട്ട നിരകൾ അരിഞ്ഞു വീഴ്ത്തുന്നതിൽ വ്യാപൃതരായി സർക്കാർ നീങ്ങുന്നു. പ്രതിവർഷം 2000 കിലോമത്സ്യം വെച്ച് പിടിച്ചെടുക്കുന്ന തിരുവനന്തപുരം ജില്ലയിലെ മീൻപിടുത്തക്കാർ നൽകുന്ന 1000 കോടി രൂപയുടെ പങ്കിനെ പറ്റി സർക്കാർ പരിഗണനകളില്ല.

 

രാജ്യത്തിന്റെ കയറ്റുമതിയിൽ എന്നപോലെ ജനങ്ങളുടെ ആരോഗ്യ വിഷയത്തിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന മത്സ്യ ബന്ധന മേഖല ആഗോള താപനത്താലും  പരിസ്ഥിതി മലിനീകരണത്താലും അന്തർ ദേശീയ ട്രോളിംഗിലൂടെയും തിരിച്ചടികൾ നേരിട്ടു വരികയാണ്. സുനാമിക്കു ശേഷം ആവർത്തിച്ചുണ്ടാകുന്ന കടൽ ക്ഷോഭങ്ങൾ കടൽ തട്ടിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി വരുന്നു. മത്സ്യസമ്പത്തു പൊതുവേ കൂടുതലുള്ള കേരള തീരത്തെ വർഷാവർഷം ആവർത്തിക്കുന്ന ചാകര എന്ന പ്രതിഭാസത്തിന് തന്നെ തിരിച്ചടികൾ നേരിടുകയാണ്. കടലിന്റെ നിറം മാറുന്നതും അതിന്റെ കാർബൺ ആഗിരണ ശേഷി കുറയുന്നതും ജലനിരപ്പ് ഉയരുന്നതും വരും നാളുകളിൽ 50 കോടി ജനങ്ങളുടെ ആവാസ വ്യവസ്ഥക്കു തിരിച്ചടിയാകും. ലോകത്തെ പ്രമുഖ Hotspot ആയ  മാന്നാർ കടലിടുക്കുപോലെ പ്രധാനമായ ഇന്ത്യൻ മുനമ്പിലെ അറബിക്കടൽ വളരെയേറെ പ്രത്യേകതകളാൽ ശ്രദ്ധേയമാണ്. 

 

വിഴിഞ്ഞം പദ്ധതി നടപ്പിലാകുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലെ മത്സ്യതൊഴിലാളികൾക്കുണ്ടാകുന്ന തിരിച്ചടികൾ ഭീകരമായിക്കഴിഞ്ഞു. അതു വ്യക്തമാക്കുന്നതാണ് തുറമുഖ വകുപ്പ്  ഇറക്കിയ സർക്കാർ തീരുമാനം. സർക്കാർ ഉത്തരവിൽ പറയുന്നു.

 


അടിമല തുറയിലെ മത്സ്യ ബന്ധന തൊഴിലാളികൾ 12 മുതൽ  15 കിലോമീറ്റർ ദൂരത്ത് നിന്നും മീൻ പിടിച്ചു ജീവിക്കുന്നവരാണ്.( കമ്പവലക്കാർ ) 604 തൊഴിലാളികൾക്ക് 5.06 ലക്ഷം മുതൽ 5.60 ലക്ഷം രൂപ വരെ വെച്ച്  നഷ്ടപരിഹാരം സർക്കാർ ഇപ്പോൾ നൽകും. അവരുടെ പണിയായുധങ്ങൾ സർക്കാരിനെ ഏൽപ്പിക്കണം. നഷ്ടപരിഹാരം വാങ്ങിയ ശേഷം അടിമലതുറ കടൽ തീരത്ത്  മത്സ്യ ബന്ധനം നടത്തുവാൻ അവകാശമില്ല. 

 

കടലിന്റെ ഓളങ്ങൾക്കൊപ്പം ജീവിച്ചു മരിക്കുവാൻ ഇഷ്ടപ്പെടുന്ന കടലിന്റെ മക്കളോടായി ,വിഴിഞ്ഞം തീരത്തിനി മുതൽ മത്സ്യം പിടിക്കുവാൻ അവകാശമില്ല എന്ന്  സർക്കാർ തീരുമാനിച്ചാൽ ആ തീരുമാനത്തെ 160 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് ഭരണം ബംഗാളിലെ നെയ്ത്തു തൊഴിലാളികളുടെ തള്ളവിരലറുത്തെറിഞ്ഞ സംഭവത്തെ ഓർമ്മിപ്പിക്കുകയാണ്. .

 

 PESA നിയമം ആദിവാസിക്കു വനത്തിനുമുകളിൽ ഉള്ള അവകാശത്തെ അംഗീകരിക്കുന്ന  തരത്തിൽ  കടലിന്റെ അവകാശികളായ മത്സ്യ ബന്ധന തൊഴിലാളികളെ  കടലിന്റെ കൈവശാവകാശക്കാരായി അംഗീകരിക്കേണ്ട സർക്കാർ അവരെ അവർക്കു മാത്രം സ്വന്തമായ ഇടങ്ങളിൽ നിന്നും പുറത്താക്കി കരക്കടിഞ്ഞ മീനിനെ പാേലെ ആക്കിതീർക്കുന്നു.

 

അതും കേരളത്തിൽ അതും ഇടതുപക്ഷ സർക്കാർ, അതും കാവി പുതച്ചിരിക്കുന്ന കുപ്രസിദ്ധൻ അദാനിയെ മാത്രം പരിഗണിച്ച്. വെള്ളപ്പാെക്കത്തിൽ മുങ്ങി താണപ്പോൾ രക്ഷകരായി അവതരിച്ച മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിക്കുവാനുള്ള  അവകാശത്തെ കാറ്റിൽ പറത്തി.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment