പ്രകൃതി ദുരന്തങ്ങളെ സർക്കാർ നിസാരവത് കരിക്കുന്നത് ആരെ സംരക്ഷിക്കാൻ ?




2018 ലെ വെള്ളപൊക്കം കേരളത്തില്‍ ഉണ്ടാക്കിയ ദുരന്തത്തെ വേദനയോടെയെ ആർക്കും ഓര്‍ക്കുവാന്‍ കഴിയൂ. 500 നടുത്തു മരണം,14 ലക്ഷം ആളുകള്‍ ക്യാമ്പുകളില്‍, വീടുകള്‍ പുനർ നിർമ്മിക്കുവാൻ വേണ്ടി വരുന്ന ചെലവ് 5659 കോടി , വാഹനങ്ങള്‍ക്ക് 10046 കോടി, കൃഷിക്കും മത്സ്യ രംഗത്തിനും ഉണ്ടായ നഷ്ടം 4499 കോടി, റോഡുകള്‍ക്കായി  8554 കോടി രൂപ. അങ്ങനെ മൊത്തത്തില്‍ ഉണ്ടായ നഷ്ട്ടം 31000 കോടി രൂപ എന്നാണ് ഏകദേശ കണക്കുകൾ.  


വെള്ളപ്പൊക്കത്തെ നൂറ്റാണ്ട് സംഭവമായി അവതരിപ്പിക്കുവാൻ സർക്കാർ കാട്ടിയ താൽപ്പര്യത്തിനു പിന്നിൽ രണ്ടജണ്ടകൾ ഉണ്ടായിരുന്നു. ഒന്ന് കേരളത്തെ ഭീതിപ്പെടുത്തിയ 1924 വെള്ളപ്പൊക്കത്തെ പോലെ ദുരന്തത്തെ കേവലം പ്രകൃതി പ്രതിഭാസമായി ചുരുക്കുക.മനുഷ്യരുടെ ഇടപെടൽ പ്രതിസന്ധി ഉണ്ടാക്കുന്നതിൽ പങ്കു വവിച്ചിട്ടില്ല എന്നു സമൂഹത്തെ പഠിപ്പിക്കുക.അതു വഴി പശ്ചിമഘട്ടം മുതൽ തീരദേശം വരെ നടക്കുന്ന കൈയ്യേ റ്റങ്ങൾക്ക് തടസ്സം ഉണ്ടാകാതെ അവ തുടരുവാൻ പച്ചകൊടി കാട്ടുക. ദുരന്തത്തിന്റെ മൊത്തം ഉത്തരവാദിത്തം കേരളീയരുടെ മുകളിൽ ഒരു പോലെ ചാർത്തി കൊടുക്കുക. 


നൂറ്റാണ്ടിന്റെ ദുരന്തം എന്ന വിശേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത് 100 വർഷത്തിനുശേഷമുണ്ടാകാൻ സാധ്യതയുള്ള മറ്റൊരു സംഭവത്തെ പറ്റി  ആശങ്ക പെടേണ്ടതില്ല എന്ന ധാരണ പരത്തലും സർക്കാർ സംവിധാനങ്ങളുടെ അജണ്ടയുടെ ഭാഗം തന്നെയായിരുന്നു.


മലയാള വർഷം 99 ലെ വെള്ളപ്പൊക്കത്തിലും അധികം മഴ ലഭിച്ച സംഭവമായി 2018 ആഗസ്റ്റ് 8  മുതൽ 18 വരെയുള്ള ദിവസങ്ങളെ ഓർമ്മിപ്പിച്ച മുഖ്യന്ത്രി 24 ലെ മഴ രണ്ടാഴ്ച്ച നീണ്ടുനിന്നു എന്ന് പറയുകയുണ്ടായി.അദ്ദേഹത്തിന്റെ വാദത്തെ കണക്കിലെടുത്തു കൊണ്ട് തന്നെ അഭിപ്രായ പ്പെട്ടാലും 100 വർഷത്തിന് മുൻപുള്ള കേരളമല്ല ഇന്നതെന്നും കുമാരനാശാന്റെ ബോട്ടു ദുരന്തം കോഴിക്കോട് അറിയുന്നത് (ആദ്യം ചന്തയിൽ ) മൂന്നാമത്തെ  ദിവസമാണെന്നും ഇന്നത്തെ അവസ്ഥ അതല്ല എന്നും ശാസ്ത്രീ ലോകത്തെ വിശ്വാസത്തിലെടുത്തു നീങ്ങുന്ന മുഖ്യമന്ത്രി മറന്നു പോകുന്നതെന്തുകൊണ്ടാണ് ?


ലോകത്തെ വിവിധ കാലാവസ്ഥ വിഭാഗങ്ങൾ പതിനാലാം നൂറ്റാണ്ടു മുതലുള്ള പ്രകൃതി ദുരന്തത്തിന്റെ സ്വഭാവത്തെ പറ്റി വിവരിച്ചിട്ടുണ്ട്.അവയുടെ എണ്ണം പടിപടിയായി വർദ്ധിച്ചതും ഇരുപതാം നൂറ്റാണ്ടിൽ അവ വ്യാപകമായതും  രേഖകൾ പരസ്യമാക്കിയിട്ടുണ്ട്..ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുവരെയായി 20 ഓളം വൻ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായി.ഇരുപതാം നൂറ്റാണ്ടുമായി തട്ടിച്ചു നോക്കിയാൽ  സമാനതകളില്ലാത്ത തിരിച്ചടികൾ വിവിധ രാജ്യങ്ങൾ നേരിടുകയാണ്.ബ്രസീൽ കാടുകളിൽ വ്യാപകമായി മാറിയ കാട്ടുതീ ലോക പരിസ്ഥിതി രംഗത്ത് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കി. സുനാമിക്കു ശേഷം ഉത്തരകാണ്ഡിലും ഹിമാചലിലും മഹാരാഷ്ട്രയിലുമെല്ലാം ദുരന്തങ്ങൾ വ്യാപകമാണ്. ഇപ്പോൾ നടക്കുന്ന വൻ പ്രളയം 3500 വടക്കേ ന്ത്യൻ സ്ഥലങ്ങളെ മുക്കികൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര, ബീഹാർ, UP, പഞ്ചാബ് , ആസാം എന്നിവടങ്ങളിൽ എല്ലാ വർഷവും വെള്ളപൊക്കവും ഉഷ്ണകാലത്ത് സൂര്യാഘാതവും ആവർത്തിക്കുന്നു. 


ആഗോളമായി ഒരു   ഡിഗ്രിക്കടുത്ത് ചൂടു വർദ്ധിച്ചപ്പോൾ,കേരളത്തിൽ 3 മുതൽ 4 ഡിഗ്രി വരെ കൂടിയത്  
ഗുരുതരമായ  പ്രതിസന്ധിയാണ്.  കടലിനടിയിൽ സ്ഥിതി ചെയ്യുന്ന കുട്ടനാടു മുതൽ പുൽ മേടുകൾ നിറഞ്ഞ ആനമുടിയും വയനാടൻ കാടുകളും നീലഗിരി കുന്നുകളും നെൽപ്പാടങ്ങളും ഉള്ള  നാട്ടിൽ അവക്കുണ്ടായ ശോഷണം മറ്റൊരിടത്തുമില്ലാത്ത തരത്തിൽ തിരിച്ചടികളുണ്ടാക്കുകയാണ്. ഇവയ്ക്കാക്കം കൂട്ടുന്ന വനനശീകരണം, പാറ പൊട്ടിക്കൽ, കുന്നിടിക്കൽ, നദി തീരം കൈയ്യേറൽ മുതലായ പരിപാടികൾക്ക് പച്ചകൊടി കാട്ടുന്ന സർക്കാർ തീരുമാനങ്ങൾ തിരുത്തുവാൻ  പ്രകൃതി ദുരന്തങ്ങൾ കാരണമാകുമ്പോൾ മറ്റു ചില ന്യായങ്ങൾ കണ്ടെത്തി ദുരന്തത്തിന്റെ കാരണങ്ങളെ മറച്ചുവെക്കുവാനുള്ള സമീപനം തുടരുന്നു.


പ്രളയവും ദുരന്തങ്ങളും നൂറ്റാണ്ടിലൊരിക്കൽ എന്ന സർക്കാർ ഭാഷ്യവും ആഗോള താപനത്തിൽ ഭാഗമായി നേരിടുന്ന പ്രതിസന്ധികളിൽ കേരളത്തിലെ വികസന സമീപനങ്ങൾക്ക് അനാരോഗ്യകരമായ പങ്കില്ല എന്ന വാദവും യഥാർത്ഥ കാരണങ്ങൾ മറച്ചുവെക്കുവാനുള്ള ശ്രമത്തിന്റെ തുടർച്ചയാണ്. ഇത്തരം നിലപാടുകൾ കേരളത്തെ തിരിച്ചുപിടിക്കുവാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും എന്ന് വേഗം തന്നെ ബന്ധപ്പെട്ടവർ മനസ്സിലാക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment